വാല്‍പ്പാറയില്‍ കടയില്‍ പോകുന്നതിനിടെ എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു; മൃതദേഹ ഭാഗങ്ങള്‍ പുലി ഭക്ഷിച്ച നിലയില്‍
വാല്‍പ്പാറയില്‍ കടയില്‍ പോകുന്നതിനിടെ എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു
തൃശ്ശൂര്‍: തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു. വാല്‍പ്പാറ വേവര്‍ലി എസ്റ്റേറ്റിലാണ് ആക്രമണമുണ്ടായത്. അസം സ്വദേശികളുടെ മകന്‍ നൂറിന്‍ ഇസ്ലാമാണ് മരിച്ചത്. വൈകീട്ട് ആറരയോടെയാണ് സംഭവമുണ്ടായതെന്നാണ് വിവരം.
സഹോദരന് പാല്‍ വാങ്ങാനായി കടയില്‍ പോയതാണെന്നാണ് വിവരം. ഏറെ നേരമായിട്ടും കാണാതായതോടെ പിതാവ് അന്വേഷിച്ച് പോകുകയായിരുന്നു. തുടര്‍ന്ന് കുട്ടി പാലിനായി കൊണ്ടുപോയ പാത്രം കണ്ടെത്തുകയും പിന്നീട് നാട്ടുകാരെ കൂട്ടി നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. മൃതദേഹ ഭാഗങ്ങള്‍ പുലി ഭക്ഷിച്ച നിലയിലായിരുന്നു.
ആക്രമിച്ചത് പുലിയാണോ കരടിയാണോ എന്ന് സംശയവും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നുണ്ട്. വാല്‍പ്പാറയില്‍ ഒരു മാസം മുമ്പ് പുലി മറ്റൊരു കുട്ടിയെ കടിച്ച് കൊലപ്പെടുത്തിയിരുന്നു. നാല് വയസ്സുകാരിയെ ആണ് അന്ന് പുലി കൊന്ന് തിന്നത്.