പട്ടാപ്പകല്‍ സ്‌കൂട്ടിയില്‍ സഞ്ചരിക്കവെ കാട്ടുപന്നിക്കൂട്ടം ഇടിച്ചിട്ടു; തെറിച്ച് വീണ് യുവതിക്ക് പരിക്ക്
പട്ടാപ്പകല്‍ സ്‌കൂട്ടിയില്‍ സഞ്ചരിക്കവെ കാട്ടുപന്നിക്കൂട്ടം ഇടിച്ചിട്ടു; തെറിച്ച് വീണ് യുവതിക്ക് പരിക്ക്
തിരുവനന്തപുരം: പെരിങ്ങമലയില്‍ കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തില്‍ യുവതിക്ക് പരിക്കേറ്റു. സ്‌കൂട്ടിയില്‍ പോവുകയായിരുന്ന യുവതിയെ റോഡ് മുറിച്ച് കടക്കുകയായിരുന്ന കാട്ടുപന്നിക്കൂട്ടം ഇടിച്ചിടുകയായിരുന്നു. പെരിങ്ങമല ബൗണ്ടര്‍ ജംഗ്ഷനില്‍ മുബിന്‍ മന്‍സിലില്‍ നിസ (44)നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സംഭവം നടന്നത്. നിസയെ സാരമായ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലേക്ക് പോകുന്നതിനിടെ പെരിങ്ങമല ഗാര്‍ഡര്‍ സ്റ്റേഷനും ബൗണ്ടര്‍ മുക്കിനും ഇടയില്‍ വച്ചാണ് അപകടം.
സമീപത്തെ വീടിന്റെ മുന്നില്‍ സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സ്‌കൂട്ടറിന് ഇടിച്ച് തെറിപ്പിച്ചത് നാലോളം പന്നികള്‍ അടക്കുന്ന ഒരു കൂട്ടമാണ്. ആദ്യത്തെ പന്നി സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ നിസ റോഡിലേക്ക് മറിഞ്ഞു വീണു. വീഴ്ചയില്‍ ഇവര്‍ റോഡില്‍ ഉരുണ്ട് പോയി. ഈ സമയം ഹെല്‍മറ്റ് ഊരി തെറിക്കുന്നതും വീഡിയോയില്‍ കാണാം. നിസയുടെ തലയ്ക്കും കാലിനും കൈയ്ക്കും സാരമായ പരിക്കേറ്റു.
അപകടത്തിന് പിന്നാലെ പ്രദേശവാസികളെത്തുകയും യുവതിയെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. റോഡില്‍ ഈ സമയം മറ്റ് വാഹനങ്ങള്‍ ഇല്ലാതിരുന്നത് അപകടത്തിന്റെ തീവ്രത കുറച്ചു. പാലോട് പ്രദേശങ്ങളില്‍ രാത്രി കാലത്ത് കാട്ടു പന്നികളുടെ ആക്രമണം പതിവാണെങ്കിലും പകല്‍ സമയങ്ങളില്‍ ഇവയെ അങ്ങനെ പുറത്ത് കാണാറില്ലെന്നും നാട്ടുകാര്‍ പറയുന്നു. അപകടത്തോടെ ഇതുവഴിയുള്ള സ്‌കൂട്ടര്‍ യാത്രക്കാര്‍ ഭയത്തിലാണ്. തിരുവനന്തപുരം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ സമീപ കാലത്തായി പുള്ളിപ്പുലി. കരടി, കാട്ടുപന്നി എന്നിവയുടെ ശല്യം രൂക്ഷമായതായി റിപ്പോര്‍ട്ടുകളുണ്ട്.