ലോട്ടറി വില്‍പനക്കാരിയുടെ പക്കല്‍നിന്നു 120 ടിക്കറ്റുകള്‍ തട്ടിയെടുത്ത് യുവാവ് കടന്നു കളഞ്ഞു; ഫലം വന്നപ്പോള്‍ 12 എണ്ണത്തിന് 500 രൂപ വീതം സമ്മാനം
ലോട്ടറി വില്‍പനക്കാരിയുടെ പക്കല്‍നിന്നു 120 ടിക്കറ്റുകള്‍ തട്ടിയെടുത്ത് യുവാവ് കടന്നു കളഞ്ഞു
കോട്ടയം: ലോട്ടറി വില്‍പനക്കാരിയുടെ പക്കല്‍നിന്നു 120 ടിക്കറ്റുകള്‍ തട്ടിയെടുത്ത് യുവാവ് കടന്നു കളഞ്ഞു. ഫലം വന്നപ്പോള്‍ തട്ടിയെടുത്തതില്‍ 12 എണ്ണത്തിന് 500 രൂപ വീതം സമ്മാനവും ലഭിച്ചു. കുടുംബം പുലര്‍ത്താന്‍ ലോട്ടറിക്കച്ചവടത്തിനിറങ്ങിയ കോതനല്ലൂര്‍ ചേരിചട്ടിയില്‍ രാജി രാജുവാണു മോഷണത്തിനിരയായത്. 50 രൂപ വീതം വിലയുള്ള ലോട്ടറി ടിക്കറ്റാണു മോഷണം പോയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഏറ്റുമാനൂര്‍ പേരൂര്‍ക്കവലയിലാണു സംഭവം.
ലോട്ടറി വാങ്ങാനെന്ന പേരിലെത്തിയ യുവാവ് ലോട്ടറി നോക്കി നിന്ന ശേഷം ധനലക്ഷ്മി ലോട്ടറിയുടെ ടിക്കറ്റ് തട്ടിയെടുത്ത് ഓടുകയായിരുന്നു. രാജി പിന്നാലെ ഓടിയെങ്കിലും ഇയാള്‍ കടന്നുകളഞ്ഞു. രാജി ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ശനിയാഴ്ച എത്താനായിരുന്നു മറുപടി. ഇന്നലെ ഫലം വന്നപ്പോള്‍, തട്ടിപ്പറിച്ചുകൊണ്ടുപോയ ടിക്കറ്റില്‍ 12 എണ്ണത്തിന് 500 രൂപ വീതം സമ്മാനം. ടിക്കറ്റിന്റെ പിന്നില്‍ കോതനല്ലൂരിലെ മാതാ ഏജന്‍സിയുടെ പേരു സീല്‍ ചെയ്തിട്ടുണ്ടെന്നു രാജി പറയുന്നു. രാജിയും ഇരുകാലുകള്‍ക്കും സ്വാധീനമില്ലാത്ത ഭര്‍ത്താവ് രാജുവും 13 വര്‍ഷമായി ലോട്ടറിക്കച്ചവടം നടത്തിയാണ് ഉപജീവനം നടത്തുന്നത്. രാജു കോതനല്ലൂരിലാണു വില്‍പന നടത്തുന്നത്. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്.