ഏകാധിപതികളെ ജനം അന്ധകാരത്തിലേക്ക് തള്ളിയ ചരിത്രം മറക്കരുത്; സംഘപരിവാര്‍ ഫാസിസ്റ്റ് ഭരണകൂടം തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ അട്ടിമറിച്ച്, ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്ന് ഫ്രീഡം ലൈറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യവേ വി ഡി സതീശന്‍

ഏകാധിപതികളെ ജനം അന്ധകാരത്തിലേക്ക് തള്ളിയ ചരിത്രം മറക്കരുത്

Update: 2025-08-14 18:34 GMT

കൊച്ചി: ജനാധിപത്യത്തെ കശാപ്പു ചെയ്ത് മുന്നേറിയ ഏകാധിപതികളായ ഭരണാധികാരികളെ ലോക ചരിത്രത്തില്‍ ജനങ്ങളുടെ ചെറുത്തു നില്‍പ് അന്ധകാരത്തിലേക്കാണ് തള്ളിയിട്ടതെന്ന് ഓര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെപിസിസി ആഹ്വാന പ്രകാരം എറണാകുളം ഡിസിസി സംഘടിപ്പിച്ച ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ച് ഇടപ്പള്ളി ടോളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ കുറ്റമറ്റതാക്കുക എന്നതാണ് ഭരണകൂടത്തിന്റെ ബാധ്യത, എന്നാല്‍ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുഗ്രഹത്തോടെ സംഘപരിവാര്‍ ഫാസിസ്റ്റ് ഭരണകൂടം തെരഞ്ഞെടുപ്പ് സംവിധാനങ്ങളെ അട്ടിമറിച്ച്, ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സംഘപരിവാര്‍ പൊതു തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നടത്തിയ ശ്രമമാണ് രാഹുല്‍ഗാന്ധി തുറന്നു കാട്ടിയത്. രാജ്യത്തെ സംരക്ഷിക്കാനും, തെരഞ്ഞെടുപ്പ് സംവിധാനം കുറ്റമറ്റതാക്കാനും, ജനാധിപത്യത്തെ സംരക്ഷിക്കാനും രാഹുല്‍ഗാന്ധി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് രാജ്യത്തെ ജനാധിപത്യ വിശ്വാസികളുടെ അകമഴിഞ്ഞ പിന്തുണയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രീയയെ അട്ടിമറിച്ച് ഭരണത്തിലെത്തിയ എകാധിപതിയായ നരേന്ദ്രമോഡി സര്‍ക്കാരിനെ താഴെയിറക്കുകയെന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും, നീതിപൂര്‍വ്വമായ തെരഞ്ഞെടുപ്പുകളിലൂടെ ജനാധിപത്യത്തിന്റെ കാവലാളാകുകയാണ് കോണ്‍ഗ്രസിന്റഎ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. ഇടപ്പള്ളി ടോളില്‍ നിന്നും ആരംഭിച്ച നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന നിരന്ന മാര്‍ച്ച് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം പരിസരത്ത് സമാപിച്ചു. എംഎല്‍എമാരായ ടി ജെ വിനോദ്, അന്‍വര്‍ സാദത്ത്, നേതാക്കളായ വി പി സജീന്ദ്രന്‍, അഡ്വ ബി എ അബ്ദുള്‍ മുത്തലിബ്, ജെയ്സണ്‍ ജോസഫ്, അജയ് തറയില്‍, ഡൊമിനിക് പ്രസന്റേഷന്‍, എന്‍ വേണുഗോപാല്‍, ടോണി ചമ്മിണി, മനോജ് മൂത്തേടന്‍, എം ഓ ജോണ്‍ , ജമാല്‍ മണക്കാടന്‍ , സക്കീര്‍ ഹുസൈന്‍, എം ആര്‍ അഭിലാഷ് , സുനില സിബി , ശഐ കെ രാജു , വി കെ മിനിമോള്‍ , സിജോ ജോസഫ് , ജിന്‍ഷദ് ജിന്നാസ് , കെ എം കൃഷ്ണ ലാല്‍ , തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Tags:    

Similar News