സംവരണ നിയമനങ്ങളിലെ വിജ്ഞാപനത്തില്‍ ഭേദഗതി വേണം; സര്‍ക്കാരിന് ശിപാര്‍ശ നല്‍കി ന്യൂനപക്ഷ കമ്മീഷന്‍

Update: 2025-08-20 15:51 GMT

കൊച്ചി: സംസ്ഥാനത്ത് സംവരണ നിയമനങ്ങളില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാത്ത സാഹചര്യങ്ങളില്‍ (എന്‍.സി.എ) ഒഴിവുകള്‍ നികത്തുന്നതിന് നിരവധിതവണ വിജ്ഞാപനം ഇറക്കുന്ന സ്ഥിതിയില്‍ മാറ്റം വരുത്തണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു. ഇത് സംബന്ധിച്ച് കമ്മീഷന് മുമ്പില്‍ എത്തിയ പരാതി ന്യായമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആഗസ്റ്റ് 7 ന് ചേര്‍ന്ന ന്യൂനപക്ഷ കമ്മീഷന്‍ യോഗത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന് ശിപാര്‍ശ നല്‍കാന്‍ തീരുമാനമായത്.

എന്‍.സി.എ ഒഴിവുകളിലേക്ക് രണ്ടില്‍ കുറയാത്ത തവണ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നാണ് സര്‍വീസ് ചട്ടങ്ങളില്‍ പറയുന്നത്. എന്നാല്‍ പലപ്പോഴും എട്ടും ഒന്‍പതും തവണ വരെ വിജ്ഞാപനമിറക്കുന്ന സാഹചര്യം നിലവിലുണ്ട്. ഇത് ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് അവസരങ്ങള്‍ നഷ്ടമാക്കുന്നു എന്നും ജോലി ലഭിക്കുന്നതിന് കാലതാമസം വരുത്തുന്നു എന്നും വിലയിരുത്തിയാണ് കമ്മീഷന്‍ പരാതിയില്‍ നടപടി എടുത്തത്. രണ്ടില്‍ കുറയാത്ത എന്ന നിബന്ധനയില്‍ 'കുറയാത്ത' ( ചീ േഹല ൈവേമി) എന്ന ഭാഗം നീക്കുകയോ, രണ്ടോ മൂന്നോ തവണ മാത്രം വിജ്ഞാപനം പുറപ്പെടുവിക്കുകയോ എന്ന തരത്തില്‍ ഭേദഗതി വരുത്തുകയോ ചെയ്യണം എന്നാണ് കമ്മീഷന്റെ ശുപാര്‍ശ.

കാക്കനാട് കളക്ടറേറ്റ് ട്രെയിനിങ് ഹാളില്‍ ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ. സൈഫുദ്ദീന്റെ നേതൃത്വത്തില്‍ നടന്ന സിറ്റിംഗിലാണ് ഇക്കാര്യം അറിയിച്ചത്. സിറ്റിംഗില്‍ ഈ വിഷയം ഉള്‍പ്പെടെ അഞ്ച് പരാതികള്‍ തീര്‍പ്പാക്കി. വൈപ്പിന്‍ പഞ്ചായത്തിലെ പെന്തക്കോസ്ത് വിഭാഗത്തില്‍ പെട്ടവര്‍ മൃതദേഹം സംസ്‌കരിക്കുന്നതിനായി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയില്‍ ജില്ലാ കളക്ടറോട് തദ്ദേശസ്വയംഭരണ സ്ഥാപന അധികൃതരെയും മറ്റ് ബന്ധപ്പെട്ട വരെയും വിളിച്ചുചേര്‍ത്ത് പരിഹാരം കാണാന്‍ നിര്‍ദേശം നല്‍കി.

ഭൂമി രജിസ്റ്റര്‍ ചെയ്തപ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി കൂടുതല്‍ ഈടാക്കി എന്ന മേതല സ്വദേശിയുടെ പരാതിയില്‍ ജില്ലാ രജിസ്ട്രാര്‍, ആര്‍.ഡി.ഒ തുടങ്ങിയവര്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഇന്ന് നിലവിലുള്ള ഡ്യൂട്ടി മാത്രേമെ ചുമത്തിയിട്ടുള്ളൂ എന്ന് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പരാതി തീര്‍പ്പാക്കി. തന്റെ വീടിനോട് ചേര്‍ന്ന് അനധികൃതമായി അയല്‍വാസി ശുചിമുറി നിര്‍മ്മിച്ചു എന്ന അയ്യമ്പുഴ സ്വദേശിയുടെ പരാതിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, വില്ലേജ് ഓഫീസര്‍, താലൂക്ക് സര്‍വേയര്‍, പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘത്തോട് സ്ഥലം പരിശോധിക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം ശുചിമുറി അനധികൃതമായല്ല നിര്‍മ്മിച്ചത് എന്നും മലിനീകരണ സാഹചര്യമില്ല എന്നും കമ്മീഷന്‍ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരനെക്കൂടി ബോധ്യപ്പെടുത്തി പ്രശ്‌നം അവസാനിപ്പിച്ചു.

മകന്റെ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വടുതല സ്വദേശി സ്‌കൂളിനെതിരെ നല്‍കിയ പരാതിയില്‍ വസ്തുതകളുടെ അഭാവം ഉള്ളതിനാല്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ആകെ 12 പരാതികളാണ് സിറ്റിംഗില്‍ പരിഗണിച്ചത്. പുതിയതായി ഒരു പരാതിയും ലഭിച്ചു.

Tags:    

Similar News