സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജൂവലറിയിലെത്തി; സ്വര്‍ണമാല കഴുത്തിലിട്ടശേഷം ഓടി രക്ഷപ്പെട്ടു: രണ്ടു പേര്‍ അറസ്റ്റില്‍
ജൂവലറിയിലെത്തി സ്വര്‍ണമാല കഴുത്തിലിട്ടശേഷം ഓടി രക്ഷപ്പെട്ടു: രണ്ടു പേര്‍ അറസ്റ്റില്‍
തൃശ്ശൂര്‍: സ്വര്‍ണാഭരണം വാങ്ങാനെന്ന വ്യാജേന വേലൂരിലെ ജൂവലറിയിലെത്തി സ്വര്‍ണമാല കഴുത്തിലിട്ട ശേഷം ഓടി രക്ഷപ്പെട്ട കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. വെള്ളറക്കാട് മനപ്പടി പടിഞ്ഞാറേ കാരത്തൊടി രാഹുല്‍(31), നെല്ലുവായ് തത്രിയാട്ട് മാധവ്(21) എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. ജൂവലറിയില്‍ നിന്നും മൂന്നുപവന്റെ മാല തട്ടിയെടുത്ത ശേഷം ഇവര്‍ കടന്നു കളയുക ആയിരുന്നു.
സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോയുടെ കീഴിലുള്ള സാഗോക്ക് സംഘവും എരുമപ്പെട്ടി പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ മാസം 28-ന് വൈകീട്ടാണ് സംഭവം. മാല വാങ്ങാനെന്ന വ്യാജേന പ്രതികളിലൊരാള്‍ ജൂവലറിയിലേക്ക് എത്തി. ഭംഗിനോക്കാനെന്ന വ്യാജേന സ്വര്‍ണമാലയെടുത്ത് കഴുത്തിലണിഞ്ഞ് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു.
സ്‌കൂട്ടറുമായി റോഡില്‍ കാത്തുനില്‍ക്കുകയായിരുന്ന മറ്റൊരു പ്രതിയുമായി സ്ഥലം വിടുകയായിരുന്നു. പ്രദേശത്തെ സിസടിവി പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. സ്‌കൂട്ടറിന്റെ നമ്പര്‍പ്ലേറ്റില്‍ കൃത്രിമം നടത്തിയിരുന്നു.