ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ റോഡിൽ തടഞ്ഞുനിർത്തി; യുവതിയെയും സഹോദരനെയും ആക്രമിച്ച കേസിൽ മൂന്ന് പേര് പിടിയിൽ
മലപ്പുറം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെയും സഹോദരനെയും ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ അമല്‍ (26), അഖില്‍ (30), ഫസല്‍ റഹ്‌മാന്‍ (29) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. വഴിയിൽ വാഹനം നിർത്തിയതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്തോടെയാണ് സംഭവം. ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ സഹോദരനൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ കാവുങ്ങൽ ബൈപ്പാസ് റോഡിൽ വെച്ച് പ്രതികൾ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയുമായിരുന്നു. യുവതിയുടെ മുഖത്തടിച്ചതായും പരാതിയിൽ പറയുന്നു.
അറസ്റ്റിലായ അഖിൽ മലപ്പുറം സ്റ്റേഷനിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. മലപ്പുറം പോലീസ് ഇൻസ്‌പെക്ടർ പി. വി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സബ് ഇൻസ്‌പെക്ടർമാരായ യാസിർ, എം. മോഹനകൃഷ്ണൻ എന്നിവരും എ. സി.പി.ഒമാരായ പ്രമോദ്, ദീദീഷ്, സിറാജുദ്ദീൻ, ഷൈലേഷ്, നബ്ഹാൻ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.