ഓപ്പറേഷന്‍ സൗന്ദര്യ: ആരോഗ്യ വകുപ്പിന്റെ ഇടപെടലിന് കോടതിയുടെ അംഗീകാരം; വ്യാജ ബ്രാന്‍ഡുകള്‍ വിറ്റ 2 കേസുകളില്‍ ശിക്ഷ വിധിച്ചു
തിരുവനന്തപുരം: ജനങ്ങള്‍ക്ക് സുരക്ഷിതവും ഫലപ്രാപ്തിയുള്ളതും ഗുണനിലവാരമുള്ളതുമായ മരുന്നുകളും സൗന്ദര്യവര്‍ധക വസ്തുക്കളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നടത്തുന്ന ഇടപെടലിന് കോടതിയുടെ അംഗീകാരം. ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നടത്തിയ പരിശോധനകളിലൂടെ വ്യാജമെന്ന് കണ്ടെത്തിയ ബ്രാന്‍ഡുകള്‍ക്കെതിരെയാണ് കോടതി നടപടി. ഇതോടെ നാല് വ്യാജ ബ്രാന്‍ഡുകള്‍ക്കെതിരെയാണ് കോടതി നടപടി സ്വീകരിക്കാന്‍ കഴിഞ്ഞത്. വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ഓപ്പറേഷന്‍ സൗന്ദര്യയുടെ ഒന്നാം ഘട്ടത്തില്‍ മിസ്ബ്രാന്‍ഡ് ഉത്പ്പന്നങ്ങള്‍ വില്പന നടത്തിയതിന് തളിപ്പറമ്പിലെ ഹസാര്‍ ട്രേഡിംഗ് എല്‍എല്‍പിയ്‌ക്കെതിരെ 2024ല്‍ ഫയല്‍ ചെയ്ത കേസില്‍ തളിപ്പറമ്പ് ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചു. 10,000 രൂപ വീതം രണ്ട് പ്രതികളും പിഴയടക്കാന്‍ വിധിച്ചു.
ഓപ്പറേഷന്‍ സൗന്ദര്യയുടെ രണ്ടാം ഘട്ടത്തില്‍ മിസ്ബ്രാന്‍ഡ് ഉത്പ്പന്നങ്ങള്‍ വില്പന നടത്തിയതിന് പയ്യന്നൂരിലെ ഗള്‍ഫി ഷോപ്പിനെതിരെ 2024ല്‍ ഫയല്‍ ചെയ്ത കേസില്‍ പയ്യന്നൂര്‍ ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചു. 20,000 രൂപ വീതം രണ്ട് പ്രതികളും പിഴയടയ്ക്കാന്‍ വിധിച്ചു.