കച്ചേരിത്താഴത്തെ അപകട ഗര്‍ത്തം അടിയന്തരമായി മൂടണം; ടാറിംഗ് സമയബന്ധിതമായി പൂര്‍ത്തിയാക്കണം: മനുഷ്യാവകാശ കമ്മീഷന്‍

കച്ചേരിത്താഴത്തെ അപകട ഗര്‍ത്തം അടിയന്തരമായി മൂടണം

Update: 2025-08-23 15:21 GMT

കൊച്ചി: മൂവാറ്റുപുഴ പുതിയ പാലത്തിന് സമീപം കച്ചേരിത്താഴത്ത്, പൊതുമരാമത്ത് റോഡില്‍ രൂപം കൊണ്ട അപകടകരമായ ഗര്‍ത്തം അടിയന്തരമായി മൂടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു.

പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ മുതല്‍ നെഹ്‌റു പാര്‍ക്ക് വരെ, പുനര്‍നിര്‍മ്മാണവും ടാറിങ്ങും നടന്നുകൊണ്ടിരിക്കുന്ന 1.3 കിലോമീറ്റര്‍ റോഡിന്റെ അറ്റകുറ്റപണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും നിര്‍മ്മാണ ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോര്‍ഡ് (തൊടുപുഴ) എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ദിവസം ഓടി കൊണ്ടിരുന്ന സ്‌കൂള്‍ ബസിന്റെ ടയര്‍ റോഡിലെ ഗര്‍ത്തത്തില്‍ വീണ് അപകടം സംഭവിച്ച സാഹചര്യത്തില്‍ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ഗര്‍ത്തം മൂടി പരാതിക്ക് ശാശ്വത പരിഹാരം കാണണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ഒരു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ നിലയാഗിച്ച് നിര്‍മ്മാണ പുരാഗതി വിലയിരുത്തി ഫലപ്രദമായ രീതിയില്‍ റോഡ് ഗതാഗത യോഗ്യമാക്കണമെന്നും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നിര്‍ദ്ദേശിച്ചു. തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ കമ്മീഷന്‍ ഒക്ടോബര്‍ 22 ന് രാവിലെ 10 ന് നടത്തുന്ന സിറ്റിംഗില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നേരിട്ട് ഹാജരായി വസ്തുതകള്‍ രേഖാമൂലം സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

Tags:    

Similar News