'കോണ്‍ഗ്രസ് എന്നും സ്ത്രീകളെ ചേര്‍ത്തുപിടിച്ചിട്ടേയുള്ളൂ; രാഹുല്‍ ഒരുനിമിഷം മുന്‍പുതന്നെ രാജിവെക്കണം'; നിലപാട് വ്യക്തമാക്കി ഉമ തോമസ് എംഎല്‍എ
തിരുവനന്തപുരം: യുവതികളുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യം കടുക്കുന്നതിനിടെ നിലപാട് വ്യക്തമാക്കി ഉമ തോമസ് എംഎല്‍എ. രാഹുല്‍ ഒരുനിമിഷം മുന്‍പുതന്നെ രാജിവെക്കണം എന്നുതന്നെയാണ് പറയാനുള്ളത്. കോണ്‍ഗ്രസ് എന്നും സ്ത്രീകളെ ചേര്‍ത്തുപിടിച്ചിട്ടേയുള്ളൂ. മറ്റു പ്രസ്ഥാനങ്ങള്‍ എങ്ങനെയാണ് എന്നുള്ളതല്ല പരിഗണിക്കേണ്ടതെന്നും ഉമ തോമസ് പറഞ്ഞു.
ഇന്നലെ തന്നെ അങ്ങനെയൊരു തീരുമാനം ഉണ്ടാകുമെന്നാണ് വിചാരിച്ചിരുന്നത്. ഇന്നലെ പത്രസമ്മേളനം നടത്താന്‍ തീരുമാനിച്ചതിനു പിന്നാലെ അത് മറ്റിവെച്ചത് എന്തിനാണെന്ന് മനസ്സിലായില്ലെന്നും ഉമ തോമസ് വ്യക്തമാക്കി.
ആദ്യംതന്നെ കോണ്‍ഗ്രസ് വളരെ നല്ല നിലപാടാണ് എടുത്തത്. ഔദ്യോഗിക സ്ഥാനത്തുനിന്ന് മാറ്റി. ജനങ്ങള്‍ തിരഞ്ഞെടുത്താണ് എംഎല്‍എ സ്ഥാനത്ത് എത്തിയത്. ഒന്നിനുപിറകേ ഒന്നായി ആരോപണങ്ങള്‍ ഉയരുമ്പോള്‍ ധാര്‍മികമായ ഉത്തരവാദിത്വത്തോടെ അത് രാജിവെച്ച് മാറിനില്‍ക്കണം എന്നുതന്നെയാണ് അഭിപ്രായം.
ആരോപണം തെറ്റാണെങ്കില്‍ ആ നിമിഷംതന്നെ മാനനഷ്ടക്കേസ് കൊടുക്കാമായിരുന്നു. അങ്ങനെ ചെയ്തിട്ടില്ലല്ലോ. അപ്പോള്‍ ഇത് ശരിയാണെന്നാണ് കരുതേണ്ടത്. ഈ മൗനം ശരിയല്ല. ഉത്തരവാദിത്വത്തോടുകൂടി മാറിനില്‍ക്കുകതന്നെ വേണം. പാര്‍ട്ടി രാജി ആവശ്യപ്പെടുകതന്നെ വേണമെന്നും ഉമ തോമസ് പറഞ്ഞു.
ഇന്നലെത്തന്നെ രാജി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് പ്രതികരിക്കാന്‍ ഇത്രയും വൈകിയത്. പരിചയപ്പെട്ട ദിവസംമുതല്‍ ഇത്തരമൊരു സൂചനപോലും കിട്ടിയിരുന്നില്ല. ഞാനൊരു സ്ത്രീ ആയതുകൊണ്ട് എന്നോട് ആരും ഇക്കാര്യം പറയാതിരുന്നതാണോയെന്ന് അറിയില്ല. ഇങ്ങനെയൊരു കാര്യം അറിഞ്ഞിരുന്നെങ്കില്‍ ഇതിനുമുന്‍പ് നടപടിയെടുക്കാന്‍ ആവശ്യപ്പെടുമായിരുന്നെന്നും ഉമ തോമസ് വ്യക്തമാക്കി.