കണ്ണൂര്‍ - കാസര്‍കോട് ദേശീയ പാതാ സര്‍വീസ് റോഡില്‍ ഓടുന്ന കാറിന് തീപിടിച്ചു; ദമ്പതിമാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

Update: 2025-08-28 04:36 GMT

കണ്ണൂര്‍ : കണ്ണൂര്‍ - കാസര്‍കോട് ദേശീയ പാതാ സര്‍വീസ് റോഡില്‍ ഓടുന്ന കാറിന് തീപിടിച്ചു. കാറില്‍ ഉണ്ടായിരുന്ന ദമ്പതിമാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി 8.45 ഓടെയാണ് സംഭവം. കല്യാശ്ശേരി മാങ്ങാട് ടൗണില്‍ മൊറാഴ കല്യാശ്ശേരി സര്‍വീസ് ബാങ്കിന്റെ കെട്ടിടത്തിന് മുന്നിലാണ് അപകടം. കണ്ണൂരില്‍ നിന്ന് പന്നിയൂരിലേക്ക് പോകുകയായിരുന്ന പന്നിയൂര്‍ സ്വദേശികളായ സജീവനും ഭാര്യ സുനിതയുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കല്യാശ്ശേരിയില്‍ എത്തിയപ്പോള്‍ കരിഞ്ഞ മണം അനുഭവപ്പെട്ടതോടെ പെട്ടെന്ന് കാര്‍ നിറുത്തി പുറത്ത് ഇറങ്ങിയതോടെ തീ പടരുക ആയിരുന്നുവെന്ന് സജീവന്‍ പറഞ്ഞു. പെട്ടന്ന് കാറില്‍ നിന്ന് ഇങ്ങിയത് കൊണ്ടാണ് രക്ഷപ്പെട്ടത്.

ഓടിയെത്തിയ നാട്ടുകാര്‍ ലഭ്യമായ സാധനങ്ങള്‍ ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമം തുടങ്ങിയിരുന്നു. തുടര്‍ന്ന് തളിപ്പറമ്പില്‍ നിന്ന് അഗ്‌നിരക്ഷ സേന എത്തിയാണ് തീ പൂര്‍ണമായി അണച്ചത്. അഗ്‌നിരക്ഷ സേന തളിപ്പറമ്പ് സ്റ്റേഷന്‍ ഓഫീസര്‍ എന്‍ കുര്യാക്കോസ്, ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍ അനീഷ് പാലവിള എന്നിവരുടെ നേതൃത്യത്തിലുള്ള സംഘമാണ് തീ അണയ്ക്കുന്നതിന് നേതൃത്വം നല്‍കിയത്. കാര്‍ കത്തുന്നതിനിടയില്‍ കല്യാശ്ശേരി-തളിപ്പറമ്പ് ദേശീയ പാതയുടെ സര്‍വീസ് റോഡില്‍ മുക്കാല്‍ മണിക്കൂറോളം ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. കാറിന്റെ തീ അണച്ച ശേഷമാണ് വാഹനങ്ങള്‍ കടന്ന് പോയത്.

Similar News