ശാന്തിഗിരിയുടേത് ആത്മീയതയുടെയും മനുഷിക മൂല്യങ്ങളുടെയും മഹത്തായ സന്ദേശം; നവപൂജിതം ആഘോഷം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

നവപൂജിതം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

Update: 2025-08-28 13:41 GMT

തിരുവന്തപുരം: ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ ജന്മദിനാഘോഷമായ നവപൂജിതം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ശാന്തിഗിരിയുടേത് ആത്മീയതയുടെയും മനുഷിക മൂല്യങ്ങളുടെയും മഹത്തായ സന്ദേശമാണ്. ഗുരുവിന്റെ മഹത്തായ സന്ദേശങ്ങള്‍ അലയടിക്കുന്ന വേദിയാണിതെന്നും പിണറായി പറഞ്ഞു. മതാതീതമായ ആത്മീയതയാണ് ശാന്തിഗിരി മുന്നോട്ടുവയ്ക്കുന്നത്. രാജ്യത്തിന്റെ നിലവിലെ സാഹചര്യത്തില്‍ ശ്രദ്ധേയമായ ഒന്നാണ് ഇതെന്നും ശാന്തിഗിരി ആശ്രമത്തില്‍ നവപൂജിതം ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. 


കേരളത്തിന്റെ ഇന്നത്തെ നേട്ടത്തിന് മഹത്തായ സാമൂഹ്യ ചരിത്രം ഉണ്ട്. ആ ചരിത്ര നിര്‍മ്മാണത്തില്‍ സാമൂഹ്യ ആചാര്യന്മാര്‍ പകര്‍ന്നു തന്ന വെളിച്ചം ചെറുതല്ലെന്നും ജാതിയുടെ പേരിലുള്ള വിവേചനങ്ങളുടെ ഈറ്റില്ലമായിരുന്നു കേരളം. ആ ഇരുണ്ട കാലത്തെ തകര്‍ത്തെറിഞ്ഞത് നവോത്ഥാന നായകന്മാരുടെ ശക്തമായ നിലപാടുകളാണ്. അവരില്‍ പലരും ആത്മീയ നേതാക്കള്‍ ആയിരുന്നു. ആത്മീയ നേതാക്കള്‍ക്ക് സാമൂഹിക പുരോഗതിയില്‍ പങ്കുവഹിക്കാന്‍ കഴിയുമോ എന്ന് ചിലര്‍ക്ക് സംശയമുണ്ടായിരുന്നു. ഭൗതികതയ്ക്ക് എതിരെയാണ് ആത്മീയത എന്നാണ് പൊതുവില്‍ പറയുന്നത്. കേരളത്തെ സൂക്ഷ്മമായി പഠിച്ചാല്‍ ഈ സംശയം മാറും. പള്ളികളും മസ്ജിദുകളും ഭരണകൂട ഒത്താശയോടെ ആക്രമിക്കപ്പെടുന്നു. ഭരണഘടന സംരക്ഷിക്കേണ്ടവര്‍ തന്നെയാണ് ഇത്തരം ഹീനമായ പ്രവര്‍ത്തനം നടത്തുന്നത്. ഇത്തരം ഒരു സംഭവവും കേരളത്തില്‍ ഉണ്ടാകുന്നില്ല. ഇവിടെയാണ് കേരളം ഒന്നായി നില്‍ക്കുന്നത് എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.


മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍, ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി, സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, കെ.പി.സി.സി. പ്രസിഡന്റ് അഡ്വ.സണ്ണി ജോസഫ് എം.എല്‍.എ. തുടങ്ങിയവര്‍ പങ്കെടുത്തു.

നാളെ രാവിലെ 5 ന് സന്യാസ സംഘത്തിന്റെ പ്രത്യേക പുഷ്പാഞ്ജലിയോടെ നവപൂജിതം ദിനത്തിലെ പ്രാര്‍ത്ഥനാചടങ്ങുകള്‍ക്ക് തുടക്കമാകും. 6 ന് ധ്വജാരോഹണം, 7 മുതല്‍ പുഷ്പസമര്‍പ്പണം. 10 ന് നവപൂജിതം സമ്മേളനം മന്ത്രി ജി.ആര്‍.അനില്‍ ഉദ്ഘാടനം ചെയ്യും. ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാദ്ധ്യക്ഷന്‍ മോറാന്‍ മോര്‍ ഡോ.സാമുവല്‍ തിയോഫിലിസ് മെത്രപ്പോലീത്ത,സ്വാമി ശ്രീആത്മാനന്ദ, സ്വാമി സത്യാനന്ദ തീര്‍ത്ഥ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, എം.എല്‍.എമാരായ പി.സി.വിഷ്ണുനാഥ്,വി.ജോയ്, ഐ.ബി.സതീഷ്,സി.ആര്‍.മഹേഷ്,സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയവര്‍ പങ്കെടുക്കും.ഉച്ചയ്ക്ക് 12 ന് ഗുരുദര്‍ശനവും വിവിധ സമര്‍പ്പണങ്ങളും അന്നദാനവും നടക്കും. ഉച്ചക്ക് 2.30 ന് സാംസ്‌കാരിക സമ്മേളനം മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ അദ്ധ്യക്ഷത വഹിക്കും.കുമ്മനം രാജശേഖരന്‍, സെന്റ് ജോണ്‍സ് മെഡിക്കല്‍ വില്ലേജ് ചെയര്‍മാന്‍ ഫാ.ജോസ് കിഴക്കേടം, മുന്‍ എം.പി പീതാംബരക്കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുക്കും.തുടര്‍ന്ന് വൈകിട്ട് 5 ന് ദീപപ്രദക്ഷിണം നടക്കും.

Similar News