പുലർച്ചെ റോഡിൽ ഉഗ്ര ശബ്ദം; നിയന്ത്രണം വിട്ടെത്തിയ ലോറി ഇലക്ട്രിക് പോസ്റ്റും ഇരുചക്രവാഹനങ്ങളെയും ഇടിച്ചുതകർത്തു; ഒഴിവായത് വൻ ദുരന്തം; സംഭവം കാസർകോട്
കാസർകോട്: എരിയാലിൽ പുലർച്ചെ അഞ്ചരയോടെ നടന്ന വാഹനാപകടം പ്രദേശത്തെ ആകെ നടുക്കി. മംഗലാപുരം ഭാഗത്ത് നിന്ന് കാസർകോട്ടേക്ക് ചരക്ക് കൊണ്ടുപോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് സർവീസ് റോഡിന്റെ ഒരു വശത്തേക്ക് കുതിച്ചുകയറിയതാണ് അപകടകാരണം. നിർമ്മാണം പാതിവഴിയായ നടപ്പാതയ്ക്കരികിൽ നിരത്തി നിർത്തിയിരുന്ന ഒമ്പതോളം ഇരുചക്രവാഹനങ്ങളാണ് അപകടത്തിനിരയായത്.
ലോറി ഇടിച്ചുതകർത്ത വാഹനങ്ങൾ എല്ലാം അതിഥി തൊഴിലാളികളുടെതായിരുന്നു. ഒരു വൈദ്യുതി പോസ്റ്റും തകർന്നിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമായതെന്ന് പ്രാഥമിക നിഗമനം. അപകടം നടന്ന സ്ഥലം ആറുവരിപ്പാതയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ ഒത്തുകൂടുന്ന ഇടമാണ്. ഞായറാഴ്ച ആയതിനാലാണ് ഇവിടെ വിജനമായത്. ,
“സാധാരണയായി ഈ സമയത്ത് ഞങ്ങൾ ഇവിടെ പുലർച്ചെ ഒത്തുകൂടാറുണ്ട്. ഞായറാഴ്ച ആയതുകൊണ്ട് മാത്രമാണ് ഞങ്ങൾ ജീവനോടെ രക്ഷപ്പെട്ടത്” – വാഹനം നഷ്ടപ്പെട്ട വേദന ഉള്ളിലൊതുക്കി രാജകുമാർ എന്ന അതിഥി തൊഴിലാളി പ്രതികരിച്ചു.
സർവീസ് റോഡിന്റെ വീതി കുറവായതും, പലയിടങ്ങളിലും നടപ്പാത പൂർണമായിട്ടില്ലാത്തതും അപകട ഭീഷണി കൂട്ടുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങൾ ഇപ്പോഴും നിലനിർത്തിയിരിക്കുന്നത് കെട്ടിട ഉടമകളുടെ സ്വാധീനപ്രയോഗത്തിന്റെ ഫലമാണെന്നും, സർക്കാർ പൂർണമായി നഷ്ടപരിഹാരം നൽകിയിട്ടും നടപടി വൈകുന്നതായും സർവേയറുടെ അലംഭാവം ആണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കാസർകോട് നഗരത്തിന്റെ ഹൃദയഭാഗത്ത് വൻ ദുരന്തമാകുമായിരുന്ന സംഭവം അവസാന നിമിഷം വഴിമാറിയെന്നതാണ് പ്രദേശവാസികൾക്ക് ആശ്വാസം.