നിക്ഷേപം സ്വീകരിച്ച് സ്വര്‍ണ്ണം നല്‍കാമെന്ന വാഗ്ദാനം നല്‍കി കോടികളുടെ സാമ്പത്തിക തട്ടിപ്പ്; ആതിര ഗോള്‍ഡ് ആന്‍ഡ് സില്‍ക്സിനെതിരെയുള്ള കേസുകള്‍ ഏറ്റെടുത്ത് ക്രൈംബ്രാഞ്ച്

Update: 2025-08-29 06:59 GMT

കൊച്ചി: നിക്ഷേപം സ്വീകരിച്ച് സ്വര്‍ണ്ണം നല്‍കാമെന്ന വാഗ്ദാനം നല്‍കി കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ആതിര ഗോള്‍ഡ് ആന്‍ഡ് സില്‍ക്സിനെതിരെയുള്ള കേസുകള്‍ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. സംസ്ഥാനത്തുടനീളം 200 ലധികം പരാതികളാണ് ആതിര സില്‍ക്സിനെതിരെ പോലീസില്‍ ലഭിച്ചത്. വിവിധ പോലീസ് സ്റ്റേഷനുകളിലായി 95 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 13 കോടിരൂപയുടെ 75 കേസുകളാണ് ക്രൈംബ്രാഞ്ചിന്റെ എറണാകുളം സാമ്പത്തിക വിഭാഗം യൂണിറ്റിന് കൈമാറിയത്.

ഹൈക്കോടതി ്ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ആതിര ഗോള്‍ഡ് ആന്‍ഡ് സില്‍ക്സ് റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ പണവും സ്വര്‍ണവും നിക്ഷേപമായി സ്വീകരിച്ച് ആള്‍ക്കാരെ കബളിപ്പിച്ചെന്നാണ് കേസ്. വലിയലാഭം നല്‍കാമെന്നും സ്വര്‍ണം ബുക്ക് ചെയ്യുമ്പോഴുള്ള കമ്പോളവിലയ്ക്ക് ആവശ്യമുള്ളപ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കുമെന്നുമായിരുന്നു വാഗ്ദാനം. സ്വര്‍ണവില കൂടിയതോടെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സ്ഥാപനം അടച്ചു പൂട്ടുകയും നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെടുകയും ചെയ്തു. കേസില്‍ സ്ഥാപന ഉടമകളായ വൈപ്പിന്‍ പള്ളിപ്പുറം മാണി ബസാര്‍ രണ്ടുതൈക്കല്‍ ആര്‍.ജെ.ആന്റണി, ജോസഫ്, ജോണ്‍സണ്‍, ജോബി എന്നിവരെ അറസ്റ്റു ചെയ്തിരുന്നു.

ലക്ഷദ്വീപ്, വൈപ്പിന്‍, കൊച്ചി, പറവൂര്‍, കൊടുങ്ങല്ലൂര്‍, ചെറായി മേഖലകളിലായി ആയിരത്തോളം പേര്‍ തട്ടിപ്പിന് ഇരകളായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ജ്വല്ലറി, വസ്ത്രം, ഫര്‍ണിച്ചര്‍, പാത്രങ്ങള്‍ എന്നിവയുടെ വ്യാപാരവും ധനകാര്യ സ്ഥാപനങ്ങളും പ്രതികള്‍ നടത്തിയിരുന്നു. ഹൈക്കോടതി ജംക്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന ആതിര ഗോള്‍ഡ് ജ്വല്ലറിയായിരുന്നു ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.

Similar News