എംസി റോഡില്‍ കാറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ച സംഭവം; വാഹനം ഇടിപ്പിച്ച് കടന്ന് കളഞ്ഞ പാറശാല മുന്‍ എസ്എച്ച്ഒ പി.അനില്‍കുമാറിന് ജാമ്യം: അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശം
കാറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ച സംഭവം; പാറശാല മുന്‍ എസ്എച്ച്ഒ പി.അനില്‍കുമാറിന് ജാമ്യം
തിരുവനന്തപുരം: എംസി റോഡില്‍ കിളിമാനൂര്‍ പൊലീസ് സ്റ്റേഷനു സമീപം കാറിടിച്ചു കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പാറശാല മുന്‍ എസ്എച്ച്ഒ പി.അനില്‍കുമാറിന് ജാമ്യം അനുവദിച്ചു. ആറ്റിങ്ങല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അനില്‍ കുമാറിന് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അതേസമയം അനില്‍കുമാര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. അപകടമുണ്ടായ ശേഷം അനില്‍കുമാര്‍ കടന്നു കളയുക ആയിരുന്നു. ഇതേ തുടര്‍ന്ന് ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്നു ചൂണ്ടിക്കാട്ടി തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതി അനില്‍കുമാറിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്നലെ തീര്‍പ്പാക്കിയത്. അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്നതും പിഴ ഈടാക്കാവുന്നതുമായ കുറ്റമാണ് അനില്‍ കുമാറിന് മേല്‍ ചുമത്തിയിരിക്കുന്നത്. അപകടമുണ്ടായ ശേഷം തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ അറിയിക്കാതെ പോയതും പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാതിരുന്നതും ഗുരുതര കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്.
ചേണിക്കുഴി മേലേവിള കുന്നില്‍ വീട്ടില്‍ രാജന്‍ (59) ആണ് അനില്‍ കുമാര്‍ ഓടിച്ച കാര്‍ ഇടിച്ചു മരിച്ചത്. ഈ മാസം 7ന് പുലര്‍ച്ചെയാണ് സംഭവം. കൂലിപ്പണിക്കാരനായ രാജന്‍ രാവിലെ ചായ കുടിക്കാന്‍ പോയപ്പോഴായിരുന്നു അപകടം. ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയി. പരുക്കേറ്റ് ഒരു മണിക്കൂറോളം റോഡില്‍ കിടന്ന രാജനെ 6 മണിയോടെ പൊലീസ് എത്തി കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരിച്ചു.
അജ്ഞാതവാഹനം ഇടിച്ചു മരിച്ചു എന്ന നിലയിലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു അനില്‍കുമാറിനെ തിരിച്ചറിഞ്ഞത്. കാര്‍ ഓടിച്ചത് അനില്‍കുമാറാണെന്നു ദൃശ്യങ്ങളില്‍ വ്യക്തമായി. തുടര്‍ന്ന് അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കേസെടുത്ത് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. നിലമേല്‍ കൈതോട് സ്വദേശിയാണ് അനില്‍കുമാര്‍.