സിപിഎം തട്ടിപ്പുകാരിയായി ചിത്രീകരിച്ചു; മനംനൊന്ത് പഞ്ചായത്തംഗം ജീവനൊടുക്കിയ സംഭവം; ശ്രീജയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡി ജി പിക്ക് പരാതി നല്‍കി ഭര്‍ത്താവ്
തിരുവനന്തപുരം: സിപിഎം തട്ടിപ്പുകാരിയായി ചിത്രീകരിച്ചതില്‍ മനംനൊന്ത് ആര്യനാട് കോട്ടക്കകം പഞ്ചായത്തംഗം ശ്രീജ ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡി ജി പിക്ക് പരാതി. ശ്രീജയുടെ ഭര്‍ത്താവ് ജയകുമാറാണ് പരാതി നല്‍കിയത്. പോലീസ് പ്രതികള്‍ക്കെതിരെ നടപടിയെടുത്തില്ലെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട് . മരണം സംഭവിച്ചിട്ട് അഞ്ച് ദിവസം കഴിഞ്ഞിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ജയകുമാറിന്റെ പരാതിയില്‍ പറയുന്നു.
വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിന് ശ്രീജക്കെതിരെ സി പി എം അധിക്ഷേപമുണ്ടായിരുന്നു . ഇവര്‍ക്കെതിരെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം കാര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഇക്കഴിഞ്ഞ 26-ന് രാവിലെയാണ് ശ്രീജയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആസിഡ് അകത്തു ചെന്നാണ് ശ്രീജയുടെ മരണം. പെണ്‍മക്കളുടെ വിവാഹത്തിന് പലരില്‍ നിന്നായി വാങ്ങിയ 20 ലക്ഷത്തോളം രൂപ ശ്രീജ കടം വാങ്ങിയിരുന്നു. കെ എസ് എഫ് ഇയില്‍ നിന്ന് വായ്പയെടുത്ത് കടം വീട്ടാനുള്ള തീരുമാനത്തിലായിരുന്നു ശ്രീജ. എന്നാല്‍ ഈ കടത്തിന്റെ പേര് പറഞ്ഞ് കോണ്‍ഗ്രസ് വാര്‍ഡ് മെമ്പറായ ശ്രീജയെ സി പി എമ്മുകാര്‍ പണം തട്ടിപ്പുകാരിയായി ചിത്രീകരിച്ച് വ്യക്തിഹത്യ നടത്തുകയായിരുന്നു.