കൃത്യസമയത്ത് സിപിആര്‍ നല്‍കി; യുവാവിന്റെ നിലച്ച ഹൃദയം വീണ്ടെടുത്ത് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരും സഹായികളും
കൃത്യസമയത്ത് സിപിആര്‍ നല്‍കി; യുവാവിന്റെ നിലച്ച ഹൃദയം വീണ്ടെടുത്ത് ഡോക്ടര്‍മാരും സഹായികളും
വടക്കാഞ്ചേരി: വൈദ്യുത പോസ്റ്റില്‍ നിന്നു ഷോക്കേറ്റു ഹൃദയം നിലച്ച യുവാവിന് പുതുജീവന്‍ സമ്മാനിച്ച് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരും സഹായികളും. ഷോക്കേറ്റ് നിലച്ച യുവാവിന്റെ ഹൃദയമിടിപ്പ് കൃത്യസമയത്ത് സിപിആര്‍ നല്‍കിയതോടെ തിരികെ ലഭിക്കുക ആയിരുന്നു. കെഎസ്ഇബി കരാര്‍ തൊഴിലാളി കാഞ്ഞിരക്കോട് കൊടുമ്പ് ചാത്തന്‍ചിറ ഉന്നതിയിലെ കൊളവരമ്പത്ത് പ്രസാദിനാണു (36) ജില്ലാ ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ. അഭിലാഷ് പുരുഷോത്തമന്‍, അനസ്തീസിയോളജിസ്റ്റ് ഡോ. നിര്‍മല്‍, സിഎംഒ ഡോ. ഹുസ്‌ന എന്നിവരുടെ നേതൃത്വത്തില്‍ കൃത്യസമയത്തു സിപിആര്‍ നല്‍കി ഹൃദയസ്പന്ദനം വീണ്ടെടുത്തു പുതുജീവന്‍ നല്‍കിയത്.
കഴിഞ്ഞ 19നാണു സംഭവം. ഷോക്കേറ്റ പ്രസാദിന് മെഡിക്കല്‍ സംഘം സിപിആര്‍ നല്‍കി. തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്റര്‍ സഹായമുള്ള ആംബുലന്‍സില്‍ തൃശൂര്‍ അമല മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. മികച്ച തുടര്‍പരിചരണം അമല ആശുപത്രിയില്‍ നിന്നു ലഭിച്ചതോടെ തൊട്ടടുത്ത ദിവസം തന്നെ പ്രസാദിനെ വെന്റിലേറ്റര്‍ നീക്കി മുറിയിലേക്കു മാറ്റി. ആരോഗ്യം പരിപൂര്‍ണമായി വീണ്ടെടുത്തതോടെ 30ന് ഡിസ്ചാര്‍ജ് ചെയ്തു.
അമ്മയും ഭാര്യ രഹ്നയും രണ്ട് മക്കളും അടങ്ങിയ കുടുംബത്തിന്റെ അത്താണിയാണു പ്രസാദ്. കൃത്യസമയത്ത് സിപിആര്‍ നല്‍കാനായതുമൂലമാണു പ്രസാദിന്റെ ജീവന്‍ രക്ഷിക്കാനായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. എസ്എന്‍ഒ ഷീബ, നഴ്‌സിങ് ഓഫിസര്‍മാരായ ശ്രീവത്സന്‍, സല്‍സബീല, സൗമ്യ, ഹസ്‌ന, ടിന്റു, ഇസിജി വിദഗ്ധ ശാലി, ജീവനക്കാരായ തങ്കപ്പന്‍, ഖദീജ, റസിയ, നഴ്‌സിങ് വിദ്യാര്‍ഥികളായ ഫ്രാന്‍സിസ്, ജോയല്‍ എന്നിവരാണു ഡോക്ടര്‍മാര്‍ക്കൊപ്പം പ്രസാദിനു സിപിആര്‍ നല്‍കാന്‍ പ്രയത്‌നിച്ചത്.