2019 ല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ പ്രഥമാധ്യാപകന്‍ നല്‍കിയില്ല; അച്ചടക്ക നടപടി സ്വീകരിക്കാവുന്നതാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം : നെയ്യാറ്റിന്‍കര ഗവ. ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും വിരമിച്ച ശേഷം അന്തരിച്ച അധ്യാപകന്റെ കുടുംബപെന്‍ഷന്‍ അവിവാഹിതയായ മകള്‍ക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 2019 ല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ രണ്ടാഴ്ചക്കകം നല്‍കിയില്ലെങ്കില്‍ പ്രഥമാധ്യാപകനെതിരെ ഡി.പി.ഐ. ക്ക് അച്ചടക്ക നടപടി സ്വീകരിക്കാവുന്നതാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്.
നെയ്യാറ്റിന്‍കര പിരായിംമൂട് സ്വദേശിനി കെ. പി. സരോജം നല്‍കിയ പരാതിയിലാണ് ഉത്തരവ്. പരാതിക്കാരിയുടെ പിതാവ് കെ. തപസിമുത്തുനാടാര്‍ 2013 ഫെബ്രുവരിയില്‍ മരിച്ചു. 1998ല്‍ അമ്മയും മരിച്ചു. രണ്ടു സഹോദരന്‍മാരില്‍ ഒരാള്‍ 2015ല്‍ മരിച്ചു. മറ്റൊരാള്‍ വിവാഹിതനാണ്. അവിവാഹിതയായ പരാതിക്കാരിക്ക് വിദ്യാഭ്യാസമുണ്ടെങ്കിലും ജോലി ലഭിച്ചില്ല.പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കമ്മീഷനില്‍ നല്‍കിയ വിശദീകരണത്തില്‍, 2018 ല്‍ ലഭിച്ച അപേക്ഷക്ക് 2019 ജൂലൈ ഒന്നിന് സര്‍ക്കാര്‍ ചില രേഖകള്‍ കൂടി ആവശ്യപ്പെട്ടു. ഇത് ഹാജരാക്കാന്‍ പ്രഥമാധ്യാപകനും അപേക്ഷകയ്ക്കും പലതവണ നിര്‍ദ്ദേശം നല്‍കിയിട്ടും ഹാജരാക്കിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രേഖകള്‍ ഹാജരാക്കാത്ത സാഹചര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പരാതിക്കാരിക്ക് കൂടുതല്‍ പരാതിയുണ്ടെങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാനുള്ള സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ട് പരാതി കമ്മീഷന്‍ തീര്‍പ്പാക്കി.