അടിസ്ഥാന വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് മന്ത്രി ഒ.ആര്‍. കേളു; ഗദ്ദികയ്ക്ക് സമാപനം

Update: 2025-09-04 14:09 GMT

കൊച്ചി: അടിസ്ഥാന വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഏഴുദിവസങ്ങളായി നടന്ന ഗദ്ദിക 2025 ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

അടിസ്ഥാന വിഭാഗങ്ങളിലെ വ്യക്തികള്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ എത്തിക്കുക, അതുവഴി അവര്‍ക്ക് തൊഴിലും വരുമാനവും ജീവിതമാര്‍ഗ്ഗവും ഉണ്ടാക്കുക എന്ന ലക്ഷ്യവും ഗദ്ദികക്കുണ്ടായിരുന്നു. ഇത്തരം പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത് ഈ വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടിയാണ് - മന്ത്രി പറഞ്ഞു.

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് മികച്ച രീതിയില്‍ പരിപാടി സംഘടിപ്പിക്കാന്‍ സാധിച്ചത്. പരിപാടിയില്‍ പങ്കെടുത്ത സ്റ്റാളുകളുടെ ഉടമകളും വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ വ്യക്തികളും ഇത് അവരുടെ സ്വന്തം പരിപാടി എന്ന മനോഭാവത്തോടെ സഹകരിച്ചു. കൂടാതെ, പോലീസ്, ആരോഗ്യം ഉള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പൂര്‍ണ്ണ സഹകരണവും പരിപാടിയുടെ വിജയത്തിന് നിര്‍ണായകമായി - മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഗദ്ദികയോട് അനുബന്ധിച്ച് മികച്ച പാരമ്പര്യ കലാ സംഘത്തിന് മുളവുകാട് പഞ്ചായത്ത് ഏര്‍പ്പെടുത്തിയ ദാക്ഷായണി വേലായുധന്‍ സ്മരണാഞ്ജലി പുരസ്‌കാരം ചടങ്ങില്‍ മന്ത്രി സമ്മാനിച്ചു. കൊട്ടാരക്കരയില്‍ നിന്നുള്ള മഹേഷ് തേനാദി നേതൃത്വം നല്‍കുന്ന തേനാദി നാടന്‍ കലാസംഘം അവതരിപ്പിച്ച പാക്കനാര്‍ പരുന്താട്ടത്തിനാണ് പുരസ്‌കാരം ലഭിച്ചത്.

ഗദ്ദികയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച വകുപ്പുകള്‍, ജനപ്രതിനിധികള്‍, സംഘാടകര്‍ എന്നിവര്‍ക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു. സമാപന സമ്മേളനത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലറും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനുമായ പി. ആര്‍. റെനീഷ് അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. കെ. എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ, മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എസ്. അക്ബര്‍, കിര്‍ടാഡ്‌സ് ഡയറക്ടര്‍ ഡോ. എസ്. ബിന്ദു, പട്ടികജാതി വികസന വകുപ്പ് ജോയിന്‍ ഡയറക്ടര്‍ ജോസഫ് ജോണ്‍, അഡീഷണല്‍ ഡയറക്ടര്‍ വി. സജീവ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ലിസ ജെ. മങ്ങാട്, സംസ്ഥാനതല പട്ടികജാതി ഉപദേശക സമിതി അംഗം സി. രാജേന്ദ്രന്‍, സംസ്ഥാനതല പട്ടികവര്‍ഗ്ഗ ഉപദേശക സമിതി അംഗം ആര്‍. ദാമോദരന്‍, ജനപ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags:    

Similar News