തൃശൂരിലെ പുലിക്കളി സംഘങ്ങള്‍ക്ക് ഓണസമ്മാനവുമായി സുരേഷ് ഗോപി; മൂന്ന് ലക്ഷം വീതം കേന്ദ്രസഹായം അനുവദിച്ചു

Update: 2025-09-07 11:35 GMT

തൃശൂര്‍: തൃശൂര്‍ പുലിക്കളി സംഘങ്ങള്‍ക്ക് ഓണസമ്മാനവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര ടൂറിസം മന്ത്രാലയം പ്രശസ്തമായ തൃശൂര്‍ പുലിക്കളി സംഘങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം ഡിപിപിഎച്ച് സ്‌കീമിന്റെ ഭാഗമായി അനുവദിക്കുമെന്ന് സുരേഷ് ഗോപി അറിയിച്ചു. ഇത് സാധ്യമാക്കുന്നതില്‍ എല്ലാവിധ സഹായവും നല്‍കിയ കേന്ദ്ര ടൂറിസം- സാംസ്‌കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന് അദ്ദേഹം നന്ദിയും പറഞ്ഞു.

പ്രശസ്തമായ തൃശ്ശൂര്‍ പുലിക്കളി സംഘങ്ങള്‍ക്ക് തന്റെ വക ഓണസമ്മാനമാണിതെന്നാണ് സുരേഷ് ഗോപി കുറിപ്പില്‍ പറഞ്ഞിട്ടുള്ളത്. കൂടാതെ തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍, പുലിക്കളി സംഘങ്ങള്‍ക്ക് 1 ലക്ഷം രൂപ വീതം സംഭാവന ചെയ്യുമെന്നും അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കി.

അതേസമയം, ആഗോള അയ്യപ്പ സംഗമത്തില്‍ ഒരു കാരണവശാലും പങ്കെടുക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. അയ്യപ്പ സംഗമം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയണമായിരുന്നു. ഇത്രയും കാലം എന്തുകൊണ്ട് പറഞ്ഞില്ല. അദ്ദേഹത്തോട് എല്ലാം സംസാരിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

Similar News