തിരഞ്ഞെടുപ്പ് വരുന്നു; സപ്ലൈകോയില്‍ വില കുറയ്ക്കാന്‍ ആലോചന
തിരഞ്ഞെടുപ്പ് വരുന്നു; സപ്ലൈകോയില്‍ വില കുറയ്ക്കാന്‍ ആലോചന
കോട്ടയം: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സപ്ലൈകോയില്‍ വില കുറയ്ക്കാന്‍ ആലോചന. പുറംവിപണിയില്‍ കാര്യമായ വിലവര്‍ധന ഉണ്ടാകാത്ത ഏതാനും ഉത്പന്നങ്ങളുടെ വില കുറച്ചേക്കും. ഓണക്കാലത്ത് റെക്കോഡ് വരുമാനം നേടിയ സപ്ലൈകോ ആ നേട്ടം തുടരാനുള്ള തന്ത്രങ്ങളാണ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആലോചിക്കുന്നത്.
ഓണക്കാലത്ത് കുറഞ്ഞവിലയ്ക്ക് വെളിച്ചെണ്ണ, അരി, മുളക് എന്നിവ നല്‍കിയതിനാല്‍ ജനം കടകളിലേക്ക് ഒഴുകി വന്നിരുന്നു. അന്ന് ഏജന്‍സികള്‍വഴി ശേഖരിച്ച വെളിച്ചെണ്ണയുടെ വിലയില്‍ ഒരുതവണകൂടി വിലക്കുറവ് പറ്റുമോ എന്ന് നോക്കും. 339 രൂപയാണ് നിലവിലെ വില. കൊപ്രവില 290 രൂപയിലും താഴ്ന്നിരുന്ന സമയത്തെ ബാച്ച് ആയതിനാല്‍ ഇനിയും വിലകുറയ്ക്കാന്‍ പറ്റിയേക്കും. പക്ഷേ, ഓണത്തിനുശേഷം പുറംവിപണിയില്‍ വെളിച്ചെണ്ണവില തിരിച്ചുകയറുന്നത് വെല്ലുവിളിയാണ്.
എഫ്‌സിഐ ഉദാരനയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ അരി കാര്യമായി ശേഖരിച്ച് 25 രൂപ നിരക്കില്‍ കൊടുക്കാന്‍ കഴിയുമോ എന്ന് നോക്കും. ഓണത്തിന് കിലോയ്ക്ക് 25 രൂപ നിരക്കില്‍ 20 കിലോ അരിയാണ് ഓരോ കാര്‍ഡിനും നല്‍കിയത്. നിലവില്‍ സപ്ലൈകോ വില 33 രൂപയാണ്. ജിഎസ്ടി രജിസ്‌ട്രേഷനുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും 28 രൂപ നിരക്കില്‍ ഒക്ടോബര്‍വരെ അരി നല്‍കുമെന്നാണ് എഫ്‌സിഐ നയം.
സപ്ലൈകോ, supplyco