ജന്‍ഡര്‍ ബജറ്റിംഗിലൂടെ സ്ത്രീകളുടെ ജീവിത നിലവാരം ഉയര്‍ത്തും; പുതിയ മേഖലകളിലടക്കം ജന്‍ഡര്‍ ബജറ്റിംഗ് നടപ്പിലാക്കണം: പ്രൊഫ വി കെ രാമചന്ദ്രന്‍

Update: 2025-09-16 08:40 GMT

തിരുവനന്തപുരം: പാരമ്പര്യമേഖലകള്‍ക്കൊപ്പം നവീന മേഖലകളിലും ജന്‍ഡര്‍ ബജറ്റിംഗ് നടപ്പിലാക്കണമെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രൊഫ വി.കെ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. സ്ഥാപനങ്ങളില്‍ ലിംഗാധിഷ്ഠിത ബജറ്റിംഗ് നടപ്പാക്കുന്നത് സംബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാനതല ശില്പശാല തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജന്‍ഡര്‍ ബജറ്റിംഗിലൂടെ സ്ത്രീകളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് പുറമെ സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയാണ് സാധ്യമാക്കുന്നത്. വനിതാ ശിശു വികസനം, സാമൂഹിക നീതി, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ജന്‍ഡര്‍ ബജറ്റിംഗ് സാധ്യതകള്‍ കേരളം മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തുന്നു. ഇതിലൂടെ ദേശീയ തലത്തില്‍ സംസ്ഥാനം മറ്റൊരു മികച്ച മാതൃകയാണ് സൃഷ്ടിച്ചത്. കൃഷി, മൃഗസംരക്ഷണം, ക്ഷീര വികസനം, ശാസ്ത്ര സാങ്കേതികം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിലടക്കം ജന്‍ഡര്‍ ബജറ്റിംഗ് നടപ്പിലാക്കണം. തൊഴില്‍, വരുമാനം എന്നതിനൊപ്പം സംരംഭകത്വമുള്‍പ്പെടെ സാധ്യമാകുന്ന രീതിയിലാകണം ബജറ്റിംഗ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായുള്ള കാഴ്ചപ്പാടോടെ ബജറ്റിംഗ് വേഗത്തിലാക്കണം. പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്ന സാഹചര്യത്തില്‍ സ്ത്രീ സൗഹൃദമായ സൗഹചര്യങ്ങളായ പ്ലേ സ്‌കൂളുകളടക്കം വിഭാവനം ചെയ്യണം. ഇത്തരത്തില്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞ് പദ്ധതികള്‍ക്ക് തുല്യതയിലധിഷ്ഠിതമായ ബജറ്റിംഗ് ചെയ്യാന്‍ ശില്‍പ്പശാല പ്രേരണയായി മാറുമെന്നും പ്രൊഫ വി.കെ രാമചന്ദ്രന്‍ പറഞ്ഞു.

ആസൂത്രണ ബോര്‍ഡ് അംഗം മിനി സുകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സോഷ്യല്‍ സര്‍വീസ് ഡിവിഷന്‍ ചീഫ് ഡോ. ബിന്ദു പി വര്‍ഗീസ് സ്വാഗതമാശംസിച്ചു. ആസൂത്രണ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ.വീണ എന്‍ മാധവന്‍ ആമുഖപ്രഭാഷണം നടത്തി. ആസൂത്രണ ബോര്‍ഡ് അംഗങ്ങളായ ഡോ. പി.കെ ജമീല, പ്രൊഫ ജിജു പി അലക്സ്, ഡോ. രവി രാമന്‍, പ്രൊഫ വറുഗീസ് ജോര്‍ജ് എന്നിവര്‍ സംബന്ധിച്ചു.

Similar News