തിരുവനന്തപുരം ജില്ലാ ജയിലില്‍ തടവുകാരനെ ക്രൂരമായി തല്ലിച്ചതച്ചെന്ന് പരാതി; പ്രതി മെഡിക്കല്‍ കോളേജ് ഐസിയുവില്‍ വെന്റിലേറ്ററില്‍; ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടെന്നും ജയില്‍ അധികൃതര്‍
ജില്ലാ ജയിലില്‍ തടവുകാരനെ ജയില്‍ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ജയിലില്‍ തടവുകാരനെ ജയില്‍ ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ മുന്‍ താല്‍ക്കാലിക ജീവനക്കാരനായ ബിജു ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസിയുവില്‍ വെന്റിലേറ്റര്‍ സഹായത്തോടെ കഴിയുകയാണ്.
സഹപ്രവര്‍ത്തകയെ ഉപദ്രവിച്ച കേസില്‍ സെപ്റ്റംബര്‍ 12-ന് പേരൂര്‍ക്കട പോലീസ് ബിജുവിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. മാനസിക പ്രശ്‌നങ്ങളുള്ളതിനാല്‍ തുടര്‍ചികിത്സ വേണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. സെപ്റ്റംബര്‍ 13-ന് ജില്ലാ ജയിലിലെ ഓടയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബിജുവിനെ ജയില്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചതെന്നാണ് പോലീസ് ഭാഷ്യം. സ്‌കാനിംഗില്‍ ആന്തരികാവയവങ്ങള്‍ക്ക് മുറിവേറ്റതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കി.
എന്നാല്‍, ബിജുവിനെ ജയില്‍ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും, ആശുപത്രിയില്‍ എത്തിച്ച് സ്‌കാനിംഗ് നടത്തിയപ്പോഴാണ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയതെന്നും ജയില്‍ അധികൃതര്‍ വാദിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാണെന്നും അവര്‍ വ്യക്തമാക്കി.