ബിരിയാണിയിലെ ചിക്കന്‍ പീസ് എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; നടുറോഡില്‍ തമ്മില്‍ തല്ലി ട്രാഫിക് സ്‌റ്റേഷനിലെ ഹോം ഗാര്‍ഡുകള്‍; നാട്ടുകാര്‍ കൂടിയതോടെ ഇരുവരേയും പിടിച്ചു മാറ്റി പോലീസുകാര്‍
ബിരിയാണിയിലെ ചിക്കന്റെ പേരിൽ ട്രാഫിക് പൊലീസ് സ്‌റ്റേഷനിൽ പൊരിഞ്ഞ അടി
പള്ളുരുത്തി: ബിരിയാണിയിലെ ചിക്കന്‍ പീസുകളുടെ പേരില്‍ തമ്മില്‍ തല്ലി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡുകള്‍. ട്രാഫിക് പൊലീസ് സ്റ്റേഷനില്‍ വിരമിക്കല്‍ ചടങ്ങില്‍ വിളമ്പിയ ബിരിയാണിയുടെ പേരിലാണ് ഹോം ഗാര്‍ഡുകള്‍ തമ്മില്‍ പൊരിഞ്ഞ അടി നടത്തിയത്. ഒടുവില്‍ അടി നടു റോഡിലേക്ക് നീങ്ങുകയും നാട്ടുകാര്‍ കൂടുകയും ചെയ്തതോടെ പോലിസുകാര്‍ക്ക് ആകെ നാണക്കേടായി.
ചേര്‍ത്തല സ്വദേശികളും ഹോംഗാര്‍ഡുകളുമായ രാധാകൃഷ്ണന്‍, ജോര്‍ജ് എന്നിവരാണ് ബിരിയാണിയുടെ പേരില്‍ നടുറോഡില്‍ തമ്മിലടിച്ചത്്. തലയ്ക്ക് പരുക്കേറ്റ രാധാകൃഷ്ണനെ കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ വിരമിക്കല്‍ ചടങ്ങിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് ഉച്ചഭക്ഷണമായി ബിരിയാണി ഒരുക്കിയിരുന്നു.
ബിരിയാണി കഴിക്കുന്നതിനിടെ, ജോര്‍ജും രാധാകൃഷ്ണനും തമ്മില്‍ ബിരിയാണിയിലെ ചിക്കന്‍ പീസുകള്‍ എടുക്കുന്നതിനെ ചൊല്ലി തര്‍ക്കമായി. ഈ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. അടിപിടി സ്റ്റേഷനു മുന്നിലുള്ള പ്രധാന റോഡിലേക്ക് നീങ്ങിയതോടെ നാട്ടുകാര്‍ കൂടി. പൊലീസുകാര്‍ തമ്മില്‍ അടികൂടിയെന്ന പ്രചാരണമുണ്ടായി.
ഒടുവില്‍, സ്റ്റേഷനിലെ മറ്റു പൊലീസുകാര്‍ എത്തിയാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. ഡ്യൂട്ടിയുടെ പേരില്‍ മുന്‍പും ഇരുവരും തമ്മില്‍ തര്‍ക്കമുള്ളതായും പറയുന്നു. ഹോംഗാര്‍ഡുകളുടെ അടിപിടി പൊലീസിന് നാണക്കേടായി മാറിയിട്ടുണ്ട്. അടികൂടിയ ഹോംഗാര്‍ഡുകള്‍ക്കെതിരേ നടപടിയുണ്ടാകുമെന്നാണ് സൂചന.