മോണ്‍.ഡോ. കുര്യാക്കോസ് തടത്തില്‍ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റര്‍; മോണ്‍.ഡോ. ജോണ്‍ കുറ്റിയിലില്‍ തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ സഹായ മെത്രാന്‍; രണ്ട് പുതിയ ബിഷപ്പുമാരെ പ്രഖ്യാപിച്ച് മലങ്കര സുറിയാനി കത്തോലിക്കാ സഭ
രണ്ട് പുതിയ ബിഷപ്പുമാരെ പ്രഖ്യാപിച്ച് മലങ്കര സുറിയാനി കത്തോലിക്കാ സഭ
അടൂര്‍: രണ്ട് പുതിയ ബിഷപ്പുമാരെ പ്രഖ്യാപിച്ച് മലങ്കര സുറിയാനി കത്തോലിക്കാ സഭ. മോണ്‍.ഡോ. കുര്യാക്കോസ് തടത്തിലിനെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്ററുടെ ചുമതലയിലും മോണ്‍.ഡോ. ജോണ്‍ കുറ്റിയിലിനെ തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ സഹായ മെത്രാനുമായാണ് നിയമനം. മെത്രാഭിഷേകം നവംബര്‍ 22ന് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കും.
അടൂരില്‍ നടക്കുന്ന 95 ാമത് പുനരൈക്യ വാര്‍ഷികത്തോടനുബന്ധിച്ച് ധന്യന്‍ മാര്‍ ഈവാനിയോസ് മെത്രാഭിഷേക ശതാബ്ദിയുടെ അല്മായ സംഗമവേദിയില്‍ സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയാണ് പുതിയ മെത്രാന്‍മാരുടെ നിയമന പ്രഖ്യാപനം നടത്തിയത്. തിരുവല്ല ആര്‍ച്ച് ബിഷപ് ഡോ.തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത നിയമന കല്പന വായിച്ചു.
മോണ്‍.ഡോ. കുര്യാക്കോസ് തടത്തില്‍
മലങ്കര കത്തോലിക്കാസഭ തിരുവല്ല അതിരൂപതയില്‍പെട്ട അമയന്നൂര്‍ സെന്റ് മേരീസ് ഇടവകാംഗമാണ് നിയുക്ത യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റര്‍ ബിഷപ് മോണ്‍. ഡോ.കുര്യാക്കോസ് തടത്തില്‍.
അമയന്നൂര്‍ തടത്തില്‍ പരേതനായ തോമസിന്റെയും അന്നമ്മയുടെയും മകനായി 1962 മാര്‍ച്ച് 27നു ജനിച്ചു. തിരുവല്ല ഇന്‍ഫന്റ് മേരീസ് മൈനര്‍ സെമിനാരിയിലായിരുന്നു വൈദിക പരിശീലനം. തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങള്‍ ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ നടത്തി.
1987 ല്‍ ആര്‍ച്ച് ബിഷപ് ബനഡിക്ട് മാര്‍ ഗ്രീഗോറിയോസില്‍ നിന്നും തിരുവല്ല അതിരൂപതയില്‍ വൈദികപട്ടം സ്വീകരിച്ചു. വൈദികശുശ്രൂഷ തുടരുമ്പോള്‍ തന്നെ തൃശൂര്‍ സെന്റ് തോമസ് കോളജില്‍ നിന്ന് ആംഗലേയ സാഹിത്യത്തില്‍ ബിരുദവും റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ആരാധന ക്രമ ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി. കാനം, നെടുമാവ്, ചുമന്നമണ്ണ്, അടിപെരണ്ട, കൊമ്പഴ, ചക്കുണ്ട്, കുന്നംകുളം, വാഴാനി, തിരുവന്‍വണ്ടൂര്‍, ചെങ്ങരൂര്‍ ഇടവകകളില്‍ വികാരിയായിരുന്നു. 2021 മുതല്‍ സഭയുടെ യുകെ റീജിയന്റെ സഭാതല കോര്‍ഡിനേറ്ററാണ്. തിരുവനന്തപുരം മലങ്കര സെമിനാരിയില്‍ അധ്യാപകനായും കോട്ടയം വടവാതൂര്‍, കുന്നോത്ത് ഗുഡ്ഷെപ്പേര്‍ഡ് സെമിനാരികളില്‍ വിസിറ്റിങ് പ്രഫസറായും സേവനമനുഷ്ഠിച്ചു. മലങ്കര മേജര്‍ സെമിനാരി റെക്ടര്‍, തിരുവല്ല അതിരൂപത ചാന്‍സലര്‍, വിശ്വാസ പരിശീലന പദ്ധതി അതിഭദ്രാസന ഡയറക്ടര്‍, സഭയുടെ ആരാധന കമ്മിഷന്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ആരാധന ദൈവശാസ്ത്രത്തില്‍ പാണ്ഡിത്യമുള്ള നിയുക്ത മെത്രാന്‍ സഭയുടെ മാസ്റ്റര്‍ ഓഫ് സെറിമണിയായി ശുശ്രൂഷ ചെയ്തിരുന്നു. നിലവില്‍ യുകെയിലെ കവന്ററി, പ്ളിമോത്ത് ഇടവകകളുടെ വികാരി കൂടിയാണ്. സഹോദരങ്ങള്‍: മാത്തുക്കുട്ടി, സാബു, മിനി.
മോണ്‍.ഡോ. ജോണ്‍ കുറ്റിയില്‍
കൊട്ടാരക്കര കിഴക്കേത്തെരുവ് ഇടവകാംഗമാണ് നിയുക്ത സഹായ മെത്രാന്‍ മോണ്‍. ഡോ.ജോണ്‍ കുറ്റിയില്‍. കിഴക്കേത്തെരുവ് കുറ്റിയില്‍ പരതേനായ രാജനും ഓമനയുമാണ് മാതാപിതാക്കള്‍. 1982 മേയ് 30നാണ് ജനനം. കിഴക്കേത്തെരുവ് സെന്റ് മേരീസ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം സെന്റ് അലോഷ്യസ് മൈനര്‍ സെമിനാരിയില്‍ വൈദികപഠനം നടത്തി. തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങളും വൈദിക പരിശീലനവും സെന്റ് മേരീസ് മലങ്കര മേജര്‍ സെമിനാരിയില്‍ പൂര്‍ത്തിയാക്കി.
2008ല്‍ കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവയില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു. തിരുവനന്തപുരം മേജര്‍ അതിഭദ്രാസനത്തിലെ വൈദികനാണ്. കര്‍ദിനാള്‍ ക്ലീമിസ് ബാവയുടെ സെക്രട്ടറിയായാണ് പ്രഥമ നിയമനം. റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സഭാ നിയമത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി. ചാല, കരമന, പാറോട്ടകോണം, പാളയം സമാധാനരാജ്ഞി ബസിലിക്ക ഇടവകകളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചു. സെന്റ് അലോഷ്യസ് മൈനര്‍ സെമിനാരി റെക്ടറായും തിരുവനന്തപുരം മേജര്‍ അതിഭദ്രാസന അജപാലന സമിതി വൈദിക സെക്രട്ടറിയായും സേവനം ചെയ്തു. നിലവില്‍ മേജര്‍ അതിഭദ്രാസന ചാന്‍സലറായും സഭയുടെ മാസ്റ്റര്‍ ഓഫ് സെറിമണീസായും ശുശ്രൂഷ ചെയ്യുന്നു. മേജര്‍ മലങ്കര സെമിനാരിയില്‍ സഭാ നിയമ അധ്യാപകന്‍ കൂടിയാണ്. ഗ്രന്ഥകാരന്‍, ബഹുഭാഷ പണ്ഡിതന്‍, പ്രഭാഷകന്‍ തുടങ്ങിയ നിലകളിലും ശ്രദ്ധേയനാണ്.നിലവില്‍ തിരുവനന്തപുരം മണ്ണന്തല വിശുദ്ധ ജോണ്‍ പോള്‍, ഉളിയാഴിത്തറ തിരുഹൃദയ ഇടവകകളുടെ വികാരിയാണ്. സഹോദരന്‍: രാജീവ് (അധ്യാപകന്‍).