ഫയലുകളിലെ കാലതാമസം ഒഴിവാക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ സമയബന്ധിതമായി നല്‍കുന്നതിനും കര്‍ശന നിര്‍ദ്ദേശം; വിദ്യാഭ്യാസ വകുപ്പില്‍ ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം

Update: 2025-09-22 16:53 GMT

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമവും ജനസൗഹൃദവുമാക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിലെ ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫയലുകളിലെ കാലതാമസം ഒഴിവാക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ സമയബന്ധിതമായി നല്‍കുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി.

വകുപ്പിലെ എല്ലാ ഓഫീസുകളിലും പഞ്ചിങ് സംവിധാനം കര്‍ശനമാക്കണം. എല്ലാ ഫയലുകളും പൂര്‍ണമായും ഇ- ഓഫീസ് സംവിധാനത്തിലേക്ക് മാറ്റണം. മാന്വല്‍ ഫയലുകള്‍ ഉപയോഗിക്കുന്നത് പൂര്‍ണമായി അവസാനിപ്പിക്കണം. വകുപ്പിന്റെ വെബ്‌സൈറ്റില്‍ എല്ലാ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പരുകള്‍ പ്രസിദ്ധീകരിക്കണം. അടിയന്തിരമായി തീരുമാനമെടുക്കേണ്ട ഫയലുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. ഫയലുകള്‍ ഒരു ഓഫീസില്‍നിന്ന് മറ്റൊരു ഓഫീസിലേക്ക് അയച്ചാല്‍ മാത്രം ഉത്തരവാദിത്തം തീരുന്നില്ലെന്നും, തുടര്‍നടപടികള്‍ ഉറപ്പാക്കാന്‍ സെക്ഷന്‍ സൂപ്രണ്ടുമാര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. വിജിലന്‍സ്, പെന്‍ഷന്‍, ഓഡിറ്റ് ഫയലുകളില്‍ കാലതാമസം കൂടാതെ തീര്‍പ്പ് കല്‍പ്പിക്കണം.

ഹയര്‍സെക്കന്‍ഡറി പുനര്‍മൂല്യനിര്‍ണയം കഴിഞ്ഞ വിദ്യാര്‍ഥികളില്‍ ഇനിയും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്തവര്‍ക്ക് ഉടന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കണം. കൂടാതെ, പൊതുപരീക്ഷ എഴുതുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ആവശ്യമായ അധികസമയം, സ്‌ക്രൈബ് പോലുള്ള ആനുകൂല്യങ്ങള്‍ പരീക്ഷ തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് അനുവദിച്ച് ഉത്തരവിറക്കണം.

ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം

വകുപ്പിലെ ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്ത് നികത്തണം. ഈ മാസം തന്നെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) തസ്തികമാറ്റ നിയമന ഉത്തരവുകള്‍ നല്‍കണം. ഒക്ടോബര്‍ ഒന്പതിന് അവസാനിക്കുന്ന യുപി സ്‌കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റുകളില്‍നിന്നുള്ള നിയമന നടപടികള്‍ വേഗത്തിലാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. 2025 ജൂലൈ ഒന്നുമുതല്‍ ആഗസ്ത് 31 വരെ നടത്തിയ ഫയല്‍ അദാലത്തില്‍ തീര്‍പ്പാക്കാന്‍ ബാക്കിയുണ്ടായിരുന്ന 30,808 ഫയലുകളില്‍ 15,886 എണ്ണം (51.56 ശതമാനം) തീര്‍പ്പാക്കിയതായി യോഗം വിലയിരുത്തി. യോഗത്തില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എന്‍ എസ് കെ ഉമേഷ്, സ്‌പെഷ്യല്‍ സെക്രട്ടറി എസ് ചിത്ര തുടങ്ങിയവര്‍ പങ്കെടുത്തു

Similar News