സംസ്ഥാനത്ത് കടുത്ത ഭീഷണിയായി എലിപ്പനി; ഈ മാസം മാത്രം 52 മരണം
കടുത്ത ഭീഷണിയായി എലിപ്പനി; ഈ മാസം മാത്രം 52 മരണം
തിരുവനന്തപുരം: സംസ്ഥാനത്തിന് കടുത്ത ഭീഷണിയായി എലിപ്പനി. ഈ മാസംമാത്രം 52 പേര്‍ എലിപ്പനി ബാധിച്ചു മരിച്ചു. ഇതില്‍ 25 പേരുടെ മരണം ആരോഗ്യവകുപ്പ് അന്തിമമായി സ്ഥിരീകരിച്ചിട്ടില്ല. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ അനുസരിച്ച് 4025 പേര്‍ക്കാണ് ഇക്കൊല്ലം രോഗം പിടിപെട്ടത്. 274 പേര്‍ക്കാണ് ഇക്കൊല്ലം എലിപ്പനിമൂലം ജീവന്‍ നഷ്ടമായത്. അതില്‍ 121 പേരുടെ മരണകാരണം സ്ഥിരീകരിക്കാനുള്ളതാണ്.
എലി, അണ്ണാന്‍, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായോ മണ്ണുമായോ സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്നു.
പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. കാല്‍വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം.
മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്നു ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.