രണ്ടാഴ്ച; ബെവ്‌കോയില്‍ തിരിച്ചെത്തിയത് 1,33,417 പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍

രണ്ടാഴ്ച; ബെവ്‌കോയില്‍ തിരിച്ചെത്തിയത് 1,33,417 പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍

Update: 2025-09-23 02:56 GMT

പൊന്നാനി: രണ്ടാഴ്ച കൊണ്ട് ബെവ്കോ വില്പനശാലകളില്‍ തിരികെ ലഭിച്ചത് 1,33,417 പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍. തിരുവനന്തപുരത്ത് 74,448 (1640 കിലോഗ്രാം) എണ്ണവും കണ്ണൂരില്‍ 58,969 (1475.70) എണ്ണവുമാണ് തിരികെ ലഭിച്ചത്. 3,097 കിലോഗ്രാം പ്ലാസ്റ്റിക് കുപ്പികള്‍ രണ്ടു ജില്ലകളില്‍നിന്നായി ക്ലീന്‍ കേരള കമ്പനി ഏറ്റെടുത്തു.

പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിന്റെ ഭാഗമായി രണ്ടാഴ്ച മുന്‍പാണ് പ്ലാസ്റ്റിക് കുപ്പികള്‍ തിരിച്ചെടുക്കാന്‍ ബെവ്കോ തുടങ്ങിയത്. ഇവ തിരിച്ചുനല്‍കുന്ന ഉപഭോക്താക്കള്‍ക്ക് 20 രൂപ വീതം ലഭിക്കുന്ന പദ്ധതി തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ 10 വീതം ബെവ്‌കോ വില്പനശാലകളിലാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കിയത്.

വില്പനശാലകളില്‍നിന്ന് വാങ്ങുന്ന പ്ലാസ്റ്റിക് മദ്യക്കുപ്പികളില്‍ പ്രത്യേക ക്യൂആര്‍ കോഡ് പതിപ്പിക്കും. മദ്യവിലയ്ക്കുപുറമേ 20 രൂപ ഡിപ്പോസിറ്റ് തുകയായി ഈടാക്കുകയും അതിനുള്ള പ്രത്യേക രസീത് നല്‍കുകയും ചെയ്യും. ഉപയോഗശേഷം മദ്യക്കുപ്പി പ്രത്യേക കൗണ്ടറില്‍ നല്‍കുമ്പോള്‍ 20 രൂപ തിരികെ നല്‍കുന്നതാണ് പദ്ധതി. കുപ്പിയില്‍ ക്യൂആര്‍ കോഡ് സ്റ്റിക്കര്‍ ഉണ്ടായിരിക്കണം. ഇങ്ങനെ ശേഖരിക്കുന്നവ ക്ലീന്‍ കേരള കമ്പനിയാണ് ഏറ്റെടുക്കുന്നത്.

തിരുവനന്തപുരത്തെ നെട്ടയം മുക്കോല ബെവ്കോ ഔട്ലെറ്റില്‍നിന്നാണ് ക്ലീന്‍ കേരള കമ്പനി ആദ്യഘട്ടശേഖരണം തുടങ്ങിയത്. ഔട്ട്ലെറ്റ് മാനേജര്‍ ജോണ്‍ ദേവരാജ് ആദ്യ ലോഡിന്റെ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു. ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ ബി.കെ. കൃഷ്ണ സമ്പത്ത്, സെക്ടര്‍ കോഡിനേറ്റര്‍ വിശ്വംഭരന്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News