കണ്ണൂര്‍ കൃഷ്ണ ജ്വല്ലറി: ഏഴരക്കോടി തട്ടിയ കേസില്‍ മുന്‍ ചീഫ് അക്കൗണ്ടന്റിനും ഭര്‍ത്താവിനുമെതിരെ കുറ്റപത്രം; വിശ്വാസ്യത മുതലെടുത്ത് കോടികള്‍ തട്ടിയെന്ന് പൊലിസ്

Update: 2025-09-24 06:09 GMT

കണ്ണൂര്‍: കണ്ണൂരിലെ കൃഷ്ണ ജ്വല്ലറിയില്‍ നിന്ന് ഏഴരക്കോടി തട്ടിയ കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഇന്ന് രാവിലെ കുറ്റപത്രം സമര്‍പ്പിച്ചത്. ജ്വല്ലറിയുടെ മുന്‍ ചീഫ് അക്കൗണ്ടന്റ് ചിറക്കലിലെ കെ. സിന്ധുവിനും ഭര്‍ത്താവിനുമെതിരെയാണ് കുറ്റപത്രം നല്‍കിയത്. കണക്കില്‍ കൃത്രിമം കാട്ടി അക്കൗണ്ടന്റ് പണം തട്ടിയെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു.

ആഭ്യന്തര ഓഡിറ്റിങിലാണ് ജ്വല്ലറിയില്‍ നിന്നും ജി.എസ്.ടി നികുതിയടവ് ഉള്‍പെടെയുള്ളവന്‍ തുക തട്ടിയെടുത്തതായി വ്യക്തമായത്. ഇതേ തുടര്‍ന്നാണ് സിന്ധു സംശയത്തിന്റെ നിഴലിലായത്. ഇവരുടെ ഭര്‍ത്താവ് കണ്ണൂര്‍ നഗരത്തിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസുകരാനാണ്. ആഡംബര വീട് നിര്‍മ്മിക്കാനും റിയല്‍ എസ്റ്റേറ്റ് ബിസിനസിനുമാണ് തട്ടിയെടുത്ത കോടികള്‍ ചെലവഴിച്ചത്. കൃഷ്ണ ജ്വല്ലേഴ്‌സ് മാനേജ്‌മെന്റിന്റെ പരാതി പ്രകാരം കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തതിനെ തുടര്‍ന്ന് ഇവര്‍ ദുബായിയിലേക്ക് മുങ്ങുകയും കോടതി നിര്‍ദ്ദേശപ്രകാരം പൊലിസില്‍ കീഴടങ്ങുകയായിരുന്നു.

കേസില്‍ പ്രതിയായ തിനെ തുടര്‍ന്ന് സിന്ധുവിനെതിരെ വ്യാപകമായ പരാതിയാണ് സഹപ്രവര്‍ത്തകരില്‍ നിന്നും മാനേജ്‌മെന്റ് പ്രതിനിധികളില്‍ നിന്നും ഉയര്‍ന്നത്. കൃഷ്ണജുവല്‍സ് ഉടമകളിലൊരാളായ സി.വി രവീന്ദ്രനാഥിനോടുള്ള വിശ്വാസൃതമുതലെടുത്തു കൊണ്ടാണ് ഇവര്‍ വിവിധ കാലങ്ങളിലായി കോടികളുടെ തട്ടിപ്പ് നടത്തിയത്. ജ്വല്ലറിയില്‍ മാഡ മെന്ന് അറിയപ്പെടുന്ന സിന്ധുവാണ് കണക്കുകളും കാര്യങ്ങളും നോക്കിയിരുന്നത്.

സഹപ്രവര്‍ത്തകരായ ജീവനക്കാരെ കസ്റ്റമേഴ്‌സിന്റെ മുന്‍ പില്‍ നിന്നും ശാസിക്കുന്നതും അവഹേളിക്കുന്നതും ഇവരുടെ പതിവാണെന്നു ആരോപണം ഉയര്‍ന്നിരുന്നു.

Tags:    

Similar News