വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന നിലയിൽ; തിരുവനന്തപുരത്തെ വീട്ടിൽ നിന്നും മോഷണം പോയത് 90 പവൻ സ്വർണവും ഒരു ലക്ഷം രൂപയും; അന്വേഷണം ആരംഭിച്ച് പോലീസ്
തിരുവനന്തപുരം: വിഴിഞ്ഞത്ത് വീട് കുത്തിത്തുറന്ന് വൻ കവർച്ച. റിട്ട.ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ഗിൽബെർട്ടിന്റെ വീട്ടിൽ നിന്നാണ് 90 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷ്ടാക്കൾ കവർന്നത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
കഴിഞ്ഞ ദിവസം ഗിൽബെർട്ടും കുടുംബവും സഹോദരിയുടെ വീട്ടിൽ പോയിരുന്നു. ബുധനാഴ്ച രാവിലെ തിരികെയെത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയതും മോഷണം നടന്ന വിവരം അറിയുന്നതും. വീടിന്റെ താഴത്തെ നിലയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും മുകളിലെ നിലയിലെ മുറിയിൽ സൂക്ഷിച്ചിരുന്ന 90 പവൻ സ്വർണവുമാണ് നഷ്ടപ്പെട്ടത്. അലമാരകൾ കുത്തിപ്പൊളിച്ച നിലയിലാണ് കണ്ടെത്തിയത്.
വിഴിഞ്ഞം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധർ സ്ഥലപരിശോധന നടത്തി. സമീപകാലത്തുണ്ടായ വലിയ കവർച്ചകളിൽ ഒന്നാണ് ഇത്. മോഷ്ടാക്കളെ കണ്ടെത്താനുള്ള ഊർജിതമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സമീപകാലത്ത് ഈ മേഖലയിൽ നടന്ന സമാനമായ മറ്റ് മോഷണങ്ങളുമായി ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. വീട്ടുകാരുടെ മൊഴിയെടുത്ത പോലീസ്, സമീപവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.