കെ.എസ്.ആര്‍.ടി.സി. ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം; അപകടം ഉച്ചയൂണ് കഴിക്കാന്‍ വീട്ടിലേക്ക് പോകുന്നതിനിടെ
കെ.എസ്.ആര്‍.ടി.സി. ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം
വിഴിഞ്ഞം: അമിതവേഗതയിലെത്തിയ കെ.എസ്.ആര്‍.ടി.സി. ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് ദാരുണാന്ത്യം. വിഴിഞ്ഞം കോട്ടപ്പുറം ചരുവിള കോളനിയില്‍ അന്തോണി അടിമയുടെയും സേസമ്മയുടെയും മകന്‍ വര്‍ഗീസ്(30) ആണ് മരിച്ചത്. ഇലക്ട്രീഷനായും സൗണ്ട് സിസ്റ്റത്തിലുമായി ജോലി നോക്കുകയായിരുന്ന വര്‍ഗീസ് ഉച്ചയൂണ് കഴിക്കാന്‍ വീട്ടിലേക്ക് പോകവെ ബുധനാഴ്ച ഉച്ചയ്ക്ക് 1.19ഓടെയാണ് അപകടം.
മുക്കോല വിഴിഞ്ഞം റൂട്ടില്‍ വില്ലേജ് ഓഫിസിന് എതിരെയുളള പെട്രോള്‍ പമ്പിന് സമിപമാണ് അപകടം ഉണ്ടായത്. വര്‍ഗീസ് സഞ്ചരിച്ച സ്‌കൂട്ടറില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഇടിക്കുക ആയിരുന്നു. മുക്കോല ഭാഗത്തുളള സ്ഥാപനത്തില്‍ ഇലക്ട്രിക്കല്‍ ജോലിചെയ്തശേഷം കോട്ടപ്പുറത്തുളള വീട്ടിലേക്ക് ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. പുവാറില്‍ ഡിപ്പോയില്‍നിന്ന് പുറപ്പെട്ട് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് ഇടിച്ചത്.
വയുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. റോഡിന്റെ ഇടതുവശം ചേര്‍ന്ന് വരികയായിരുന്ന സ്‌കൂട്ടറില്‍ ബസിന്റെ ഇടതുഭാഗമിടിച്ച് തെറിച്ചുവീണ വര്‍ഗീസ് ബസിന്റെ അടിയില്‍പ്പെടുകയും പിന്‍ചക്രം തലയില്‍ തട്ടിയുണ്ടായ അപകടത്തിലുമാണ് വര്‍ഗീസ് മരിച്ചത്. നാട്ടുകാരെത്തി പെട്ടെന്നുതന്നെ വിഴിഞ്ഞത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിഴിഞ്ഞം പോലീസ് കേസെടുത്തു. അവിവാഹിതനാണ്. സഹോദരങ്ങള്‍: മൈക്കിള്‍, സുനില്‍, മില്‍ട്ടസ്.