ബിഎസ്എന്‍എല്‍ 4ജി സേവനം ഇന്ന് മുതല്‍; ഡിസംബറില്‍ 5ജി സേവനം തുടങ്ങുമെന്നും അറിയിപ്പ്
ബിഎസ്എന്‍എല്‍ 4ജി സേവനം ഇന്ന് മുതല്‍
തിരുവനന്തപുരം: ബിഎസ്എന്‍എല്‍ ശനിയാഴ്ച മുതല്‍ സമ്പൂര്‍ണ 4ജി സേവനം ലഭ്യമാക്കും. അതിവേഗ ഇന്റര്‍നെറ്റ് ശൃംഖല സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ബിഎസ്എന്‍എല്‍ സംസ്ഥാനത്ത് 4ജിയിലേക്കു മാറുന്നത്. ഡിസംബറില്‍ 5ജി സേവനം തുടങ്ങുമെന്ന് കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ആര്‍. സജികുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
നെറ്റ്വര്‍ക്ക് 4ജിയിലേക്കു മാറുന്ന സാഹചര്യത്തില്‍ 3ജി സൗകര്യം അവസാനിപ്പിക്കും. അതേസമയം ഫോണ്‍വിളിക്കു മാത്രമായി ബിഎസ്എന്‍എലിനെ ആശ്രയിക്കുന്ന ഉപഭോക്താക്കള്‍ നിരവധിയാണെന്നതിനാല്‍ 2ജി സൗകര്യം തുടരും. ഇതിനായി 7200 ടവറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു ടവറില്‍ രണ്ടും മൂന്നും ബാന്‍ഡുകള്‍ ഉള്‍പ്പെടുന്നതിനാല്‍ ഫലത്തില്‍ 4ജി പോയിന്റുകളുടെ എണ്ണം 16000 ആകും. 700 മെഗാഹെര്‍ട്സ്, 2100 മെഗാഹെര്‍ട്സ്, 2500 മെഗാഹെര്‍ട്സ് മൂന്ന് ബാന്‍ഡിലാണ് ടവറുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ഉപകരണങ്ങള്‍ മാറ്റാതെ സോഫ്റ്റ്വേര്‍ പരിഷ്‌കരിച്ച് 5ജിയിലേക്കു മാറാന്‍ കഴിയുംവിധമുള്ള സാങ്കേതികവിദ്യയാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തുന്നത്.
മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമല്ലാത്ത 326 ഗ്രാമങ്ങളില്‍ 4ജി സേവനം ലഭ്യമാക്കുന്ന '4ജി സാച്ചുറേഷന്‍' പദ്ധതിയും ഇതോടൊപ്പം ആരംഭിക്കും. 318 എണ്ണം ഇതിനോടകം കമ്മിഷന്‍ ചെയ്തു. മൊബൈല്‍ വരിക്കാരും ഇന്റര്‍നെറ്റ് കണക്ഷനുകളുമായി ഒരുകോടി ഉപഭോക്താക്കളാണ് ബിഎസ്എന്‍എലിനുള്ളത്. ഒരു രൂപ വാങ്ങിയുള്ള പുതിയ ഫ്രീഡം പ്ലാന്‍ വഴി 1.5 ലക്ഷം ഗുണഭോക്താക്കളാണ് ബിഎസ്എന്‍എലിനു പുതുതായി ലഭിച്ചത്.
പോസ്റ്റ് ഓഫീസുകള്‍ വഴി ബിഎസ്എന്‍എല്‍ സിം ലഭ്യമാക്കുന്ന പദ്ധതിക്ക് ഉടന്‍ തുടക്കമാകും. ഇതുസംബന്ധിച്ച് തപാല്‍ വകുപ്പുമായി കരാര്‍ ഒപ്പിട്ടുകഴിഞ്ഞുവെന്നും സിജിഎം പറഞ്ഞു. പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍മാരായ പി.ജി. നിര്‍മല്‍, മീരാ മര്‍ദി, ആര്‍. സതീഷ്, രവീന്ദ്ര ഡിയോക്കര്‍, രമേഷ് രാജ്, കോളിന്‍ ലോറന്‍സ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.