അതിദരിദ്രരില്ലാത്ത ജില്ലയാകാനൊരുങ്ങി തിരുവനന്തപുരം; 94.86 ശതമാനം കുടുംബങ്ങള്‍ അതിദാരിദ്ര്യമുക്തം

Update: 2025-09-27 06:45 GMT

തിരുവനന്തപുരം: അതിദരിദ്രരില്ലാത്ത ജില്ലയാകാനൊരുങ്ങി തിരുവനന്തപുരം. നവംബര്‍ ഒന്നിന് സംസ്ഥാനം അതിദാരിദ്ര്യമുക്തമാകാന്‍ ഒരുങ്ങുമ്പോള്‍ ജില്ലയിലും നടപടികള്‍ പുരോഗമിക്കുകയാണ്. അതിദരിദ്രരായി കണ്ടെത്തിയവരില്‍ 94.86 ശതമാനം കുടുംബങ്ങളെയും ഇതിനകം അതിദാരിദ്ര്യമുക്തമാക്കാന്‍ സാധിച്ചത് ജില്ല കൈവരിച്ച പ്രധാന നേട്ടമാണ്. നിലവില്‍ 24 തദ്ദേശസ്ഥാപനങ്ങള്‍ അതിദാരിദ്ര്യമുക്തമായിട്ടുണ്ട്. അവശേഷിക്കുന്നവയെ ഉടന്‍ പ്രഖ്യാപിക്കും. ഒക്ടോബര്‍ മാസത്തില്‍ സമ്പൂര്‍ണമായും അതിദരിദ്രരില്ലാത്ത ജില്ലയായി തിരുവനന്തപുരം മാറും.

മൈക്രോപ്ലാന്‍ പ്രകാരം ജില്ലയില്‍ അതിദരിദ്രരായി കണ്ടെത്തിയ 6250 കുടുംബങ്ങളില്‍ 5929 കുടുംബങ്ങളെ അതിദാരിദ്ര്യമുക്തമാക്കി. പട്ടികയില്‍ ഷെല്‍ട്ടര്‍ ഘടകം മാത്രം ആവശ്യമുള്ള 1219 കുടുംബങ്ങളാണ് ജില്ലയില്‍ ഉണ്ടായിരുന്നത്. ഇതില്‍ വീട് മാത്രം ആവശ്യമുണ്ടായിരുന്ന 332 കുടുംബങ്ങള്‍ക്കും വീട് ഉറപ്പാക്കി. ഭവന പുനരുദ്ധാരണം ആവശ്യമുണ്ടായിരുന്ന 505 കുടുംബങ്ങള്‍ക്ക് അതും പുരോഗമിക്കുകയാണ്. അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തമാവാന്‍ വസ്തുവും വീടും ആവശ്യമുള്ളതായി ജില്ലയില്‍ കണ്ടെത്തിയ 284 കുടുംബങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികള്‍ മുഖേനയും ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ മുഖേനയും ഭൂമി ലഭ്യമാക്കി ഭവന നിര്‍മ്മാണം പുരോഗമിക്കുകയാണ്. അവശേഷിക്കുന്ന കുടുംബങ്ങള്‍ക്ക് റവന്യൂ ഭൂമിയില്‍ പട്ടയവും നല്‍കുന്നുണ്ട്.

ഭക്ഷണം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലയിലെ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തിയത്. ഈ കുടുംബങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഭക്ഷണം, മരുന്നുകള്‍, സാന്ത്വന ചികിത്സ, ആരോഗ്യ സഹായ ഉപകരണങ്ങള്‍ എന്നിങ്ങനെയുള്ള സേവനങ്ങള്‍ ലഭ്യമാക്കി. ജില്ലയില്‍ 2658 കുടുംബങ്ങള്‍ക്ക് ഭക്ഷണം, 2891 കുടുംബങ്ങള്‍ക്ക് ആരോഗ്യ സേവനങ്ങള്‍, 343 കുടുംബങ്ങള്‍ക്ക് കുടുംബശ്രീയുടെ ഉജ്ജീവനം പദ്ധതി മുഖേനയും സേവനം നല്‍കിയിട്ടുണ്ട്. അടിസ്ഥാന രേഖകളില്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും ആധാര്‍, വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങി 13ല്‍പ്പരം രേഖകള്‍ ഉറപ്പാക്കിയിട്ടുണ്ട്.

അതിദരിദ്ര കുടുംബങ്ങളിലെ പത്താം ക്ലാസ് വിജയിച്ച കുട്ടികള്‍ക്ക് വീടിനടുത്ത് തന്നെ തുടര്‍പഠനത്തിന് അവസരം നല്‍കുകയും കുട്ടികള്‍ക്ക് സൗജന്യ ബസ് പാസ്, പഠനോപകരണങ്ങള്‍ എന്നിവ തദ്ദേശ സ്ഥാപനങ്ങള്‍ വഴി നല്‍കുകയും ചെയ്യുന്നുണ്ട്.

അതിദാരിദ്ര്യമുക്തമായ തദ്ദേശസ്ഥാപനങ്ങള്‍

അണ്ടൂര്‍ക്കോണം

ആര്യനാട്

ആര്യങ്കോട്

ബാലരാമപുരം

ചെങ്കല്‍

ചിറയിന്‍കീഴ്

ഇലകമണ്‍

കല്ലറ

കരകുളം

കരവാരം

കരുംകുളം

കാട്ടാക്കട

കിളിമാനൂര്‍

കോട്ടുകാല്‍

മാണിക്കല്‍

മുദാക്കല്‍

നെല്ലനാട്

പൂവാര്‍

തിരുപുറം

ഉഴമലക്കല്‍

വെള്ളനാട്

വെങ്ങാനൂര്‍

വെട്ടൂര്‍

വിളവൂര്‍ക്കല്‍

Similar News