അംഗൻവാടിയിലെ അമൃതം പൊടിയിൽ കണ്ടത് പല്ലിയുടെ ജഡം; വെള്ളറടയിൽ രണ്ട് വയസുകാരിക്ക് ചര്‍ദ്ദിയും വയറിളക്കവും; അന്വേഷണം
തിരുവനന്തപുരം: വെള്ളറട പഞ്ചായത്തിലെ ചെമ്മണ്ണുവിള അംഗനവാടിയിൽനിന്ന് വിതരണം ചെയ്ത അമൃതം പൊടി പാക്കറ്റിൽ ചത്ത പല്ലിയെ കണ്ടെത്തിയതായി പരാതി. ഇത് കഴിച്ചതിനെത്തുടർന്ന് പ്രദേശവാസിയായ രണ്ടുവയസുകാരിക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം രാവിലെയാണ് ഈ സംഭവം പുറത്തറിഞ്ഞത്. കുട്ടിയുടെ മാതാപിതാക്കൾ അംഗനവാടി ടീച്ചറെ വിവരം അറിയിക്കുകയും, തുടർന്ന് അമൃതം പൊടി വിതരണം ചെയ്യുന്ന കമ്പനിയെയും വിവരമറിയിക്കുകയുണ്ടായി. കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശാവർക്കർമാർ എത്തി പ്രഥമശുശ്രൂഷ നൽകിയിരുന്നു.
ഈ മാസം പത്താം തീയതിയാണ് അമൃതം പൊടി വാങ്ങിയത്. ദിവസങ്ങൾക്കുശേഷമാണ് പാക്കറ്റ് തുറന്ന് ഉപയോഗിച്ചു തുടങ്ങിയത്. പാക്കറ്റ് തീരാറായപ്പോഴാണ് പല്ലിയെ കണ്ടെത്തിയത്. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെങ്കിലും, ഭക്ഷണ പദാർത്ഥങ്ങളിൽ ഇത്തരം അനാസ്ഥ ഉണ്ടാകുന്നത് ആശങ്കയുളവാക്കുന്നതായി രക്ഷിതാക്കൾ പറയുന്നു.