ചെന്നൈയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; മലയാളി നിയമ വിദ്യാര്‍ത്ഥിനിക്ക് ദാരുണ മരണം
ചെന്നൈയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണ മരണം
ചെന്നൈ: ചെന്നൈയില്‍ കോട്ടൂര്‍പുരം ഗാന്ധിമണ്ഡപം റോഡില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയുണ്ടായ വാഹനാപകടത്തില്‍ പാലക്കാട് സ്വദേശിനിയായ നിയമവിദ്യാര്‍ഥിനി മരിച്ചു. പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് കാവുങ്കല്‍ വീട്ടില്‍ എന്‍. വിജയകുമാറിന്റെയും വിജയകുമാരിയുടെയും മകള്‍ ജിനു(21)വാണ് ദാരുണമായി മരിച്ചത്. അണ്ണാ സര്‍വകലാശാലയുടെ ഔട്ടര്‍ ഗേറ്റിനുസമീപം കാറുകള്‍ തമ്മിലിടിച്ചാണ് അപകടം.
ജിനു ചെന്നൈ അംബേദ്കര്‍ ലോ കോളേജിലെ നാലാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. ജിനുവും സഹപാഠികളായ പ്രിയ(21), ജഗദീപ്(21), ആര്‍ത്തിപ്(21) എന്നിവരും കോളേജിലെ പരിപാടിയില്‍ പങ്കെടുത്ത അതിഥിയെ നുങ്കമ്പാക്കത്തെ വീട്ടില്‍ കൊണ്ടുവിട്ട് ലോ കോളേജിലേക്ക് തിരികെ വരുമ്പോഴാണ് അപകടം. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാറിനു മുന്നില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന കാര്‍ പെട്ടെന്ന് യൂ ടേണ്‍ എടുത്തതിനാല്‍ തൊട്ടു പിന്നിലുണ്ടായിരുന്ന നിയമവിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാറില്‍ നിന്നും തെറിച്ചു വീണ ജിനു സംഭവസ്ഥലത്തുതന്നെ മരിച്ചു. മുന്നില്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവര്‍ വെങ്കിടേശി(35)നും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ റോയപ്പേട്ട ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിനുവിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10-ന് തിരുവല്വാമല ഐവര്‍മഠം ശ്മശാനത്തില്‍. സഹോദരന്‍: ജിബിന്‍.