കാണാതായ അമ്മയ്ക്കായി തിരച്ചില്‍ നടത്തി മക്കള്‍; പോലിസ് അന്വേഷണത്തില്‍ യുവതിയെ അയല്‍വാസിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
യുവതി അയൽവാസിയുടെ വീട്ടിൽ മരിച്ച നിലയിൽ
ജാംനഗര്‍: രണ്ടു ദിവസം മുമ്പ് കാണാതായ യുവതിയെ അയല്‍വാസിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അയല്‍വാസിയായ മധ്യവയസ്‌കന്‍ യുവതിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം. മക്കള്‍ അമ്മയ്ക്കായി തിരച്ചില്‍ നടത്തുമ്പോള്‍ പ്രതി തന്നെ നംശയിക്കാതിരിക്കാനായി മക്കളോടൊപ്പം തിരച്ചിലിനും കൂടി.
പോലിസ് അന്വേഷണത്തിലാണ് അയല്‍വാസിയായ ഇയാളുടെ വീട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ മഥുര സ്വദേശിയായ റിങ്കിദേവി ബന്തു സിങ് 2021-ല്‍ ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ജാംനഗറില്‍ തന്റെ മൂന്ന് മക്കളോടൊപ്പം താമസിച്ചുവരികയായിരുന്നു. ജോലി കഴിഞ്ഞ് സ്ത്രീ വീട്ടിലേക്ക് മടങ്ങിയെത്താതിരുന്നതിനെ തുടര്‍ന്ന് മക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും തിരച്ചില്‍ നടത്തുകയും ചെയ്തു.
പോലിസ് അന്വേഷണത്തില്‍ താഴെയുള്ള വീട്ടില്‍ താമസിച്ചിരുന്ന വിജയ് ഓഡിച്ചിന്റെ വീട്ടില്‍ നിന്നാണ് റിങ്കിദേവിയുടെ മൃതദേഹം കണ്ടെത്തിയത്. റിങ്കിദേവിയും അയാളുമായി സഹോദരതുല്യമായ ബന്ധമായിരുന്നെന്ന് മക്കള്‍ പറഞ്ഞു. ജാംനഗര്‍ പൊലീസ് ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം.