ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്ഐടിക്ക് വീണ്ടും ഹൈക്കോടതിയുടെ ക്ലീന്‍ ചിറ്റ്; അന്വേഷണം കാര്യക്ഷമമെന്ന് വിലയിരുത്തി മെയ് 18 വരെ നീട്ടി; സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാ ഫലം ഏപ്രില്‍ അവസാനത്തോടെ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ്ഐടിക്ക് വീണ്ടും ഹൈക്കോടതിയുടെ ക്ലീന്‍ ചിറ്റ്

Update: 2026-03-26 17:04 GMT

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) അന്വേഷണത്തില്‍ ഹൈക്കോടതി വീണ്ടും തൃപ്തി രേഖപ്പെടുത്തി. അന്വേഷണം ശരിയായ രീതിയിലും ചിട്ടയോടെയുമാണ് മുന്നോട്ട് പോകുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇതിനിടെ, ശബരിമല കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട വിജിലന്‍സ് റിപ്പോര്‍ട്ട് അംഗീകരിച്ച ഹൈക്കോടതി, ഈ വിഷയത്തിലെ അന്വേഷണ നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തു.

സ്വര്‍ണക്കൊള്ള കേസ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ മെയ് 18 വരെ ഹൈക്കോടതി സമയം നീട്ടിനല്‍കിയിട്ടുണ്ട്. അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാ ഫലം ഏപ്രില്‍ അവസാനത്തോടെ ലഭ്യമാകുമെന്ന് ജംഷേദ്പൂര്‍ മെറ്റലര്‍ജിക്കല്‍ ലാബ് അറിയിച്ചതായി എസ്‌ഐടി ഹൈക്കോടതിയെ ധരിപ്പിച്ചു. അയല്‍ സംസ്ഥാനങ്ങളിലെ അന്വേഷണം പൂര്‍ത്തിയാക്കിയതായും എസ്‌ഐടി കോടതിയെ അറിയിച്ചു.

അതേസമയം, കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി ആകെ 412.01 ഗ്രാം സ്വര്‍ണമാണ് ലഭിച്ചതെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. ദേവസ്വം രേഖകളില്‍ നിന്ന് ഈ വിവരം വ്യക്തമാണ്. സംഭാവന നല്‍കിയവരോട് ചോദിച്ചപ്പോള്‍ 300 ഗ്രാം സ്വര്‍ണം ലഭിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കൊടിമരം സ്ഥാപിച്ചതില്‍ ക്രമക്കേടോ വിശ്വാസ വഞ്ചനയോ ഉണ്ടായിട്ടില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിജിലന്‍സിന്റെ ഈ റിപ്പോര്‍ട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ച് അംഗീകരിച്ചു. ഇതോടെ, കൊടിമര പുനഃപ്രതിഷ്ഠയിലെ അന്വേഷണ നടപടികള്‍ ഹൈക്കോടതി പൂര്‍ണമായും അവസാനിപ്പിക്കുകയായിരുന്നു. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ എസ്‌ഐടിയുടെ സമഗ്രമായ അന്വേഷണം തുടരുന്നതിനിടെയാണ് കൊടിമര പുനഃപ്രതിഷ്ഠ സംബന്ധിച്ച സംശയങ്ങള്‍ നീങ്ങുന്നത്.

Tags:    

Similar News