കൊച്ചിയിൽ ഗുണ്ടകളെ പൂട്ടാൻ 'ഓപ്പറേഷൻ സ്റ്റീൽ ബേർഡ്'; കോഴിഫാമിൽ നിന്ന് ഗുണ്ടുകളും മാരകായുധങ്ങളും പിടികൂടി; ക്രിമിനൽ സംഘത്തിലെ നാലുപേർ പോലീസ് വലയിൽ
കൊച്ചി: ജില്ലയിലെ ക്രിമിനൽ സംഘങ്ങളെ ലക്ഷ്യമിട്ട് റൂറൽ ജില്ലാ പോലീസ് നടത്തിയ 'ഓപ്പറേഷൻ സ്റ്റീൽ ബേർഡ്' വേട്ടയിൽ നാലുപേർ പിടിയിലായി. പാറക്കടവ് കോടുശേരി ചേറോത്ത് വിനീത് (37), എടത്തല പൊട്ടച്ചിറ വെങ്ങോടൻ ബിലാൽ (32), പെരിങ്ങോട്ടിൽ ശരത് (33), തൃക്കാക്കര ജഡ്ജ് മുക്ക് അജാസ് (33) എന്നിവരെയാണ് റൂറൽ പോലീസ് വലയിലാക്കിയത്. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടന്ന മിന്നൽ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
പിടിയിലായവരിൽ നിന്ന് മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. തൃക്കാക്കര സ്വദേശി അജാസ് പൊട്ടച്ചിറയിൽ നടത്തുന്ന കോഴി ഫാമിൽ നടത്തിയ പരിശോധനയിലാണ് പത്തോളം ഗുണ്ടുകൾ കണ്ടെടുത്തത്. നിരവധി കേസുകളിൽ പ്രതിയായ വിനീതിൽ നിന്ന് പ്രത്യേകമായി രൂപകല്പന ചെയ്ത കത്തിയും പോലീസ് പിടിച്ചെടുത്തു.
ഇയാൾ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായ ബിലാലും ശരത്തും പോലീസിന്റെ ഗുണ്ടാപ്പട്ടികയിലുള്ളവരും മുൻപ് ഒട്ടേറെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരുമാണ്. പിടിയിലായവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇവരുമായി ബന്ധപ്പെട്ട കൂടുതൽ ക്രിമിനൽ ശൃംഖലകളെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.