ആറളത്ത് കാട്ടാന ആക്രമണത്തില്‍ മരിച്ച അനീഷിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കും; കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ശുപാര്‍ശ

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അനീഷിന്റെ കുടുംബത്തിന് കൈത്താങ്ങുമായി സര്‍ക്കാര്‍

Update: 2026-03-03 17:14 GMT

കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അനീഷിന്റെ കുടുംബത്തിന് കൈത്താങ്ങുമായി സര്‍ക്കാര്‍. കലക്ടറേറ്റില്‍ അഡ്വ. സണ്ണി ജോസഫ് എംഎല്‍എയുടെയും ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടായത്. അനീഷിന്റെ മക്കളുടെ വിദ്യാഭ്യാസം പൂര്‍ണ്ണമായും സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ശുപാര്‍ശ നല്‍കിയതിനൊപ്പം, കുടുംബത്തിന് അടിയന്തര ധനസഹായം ഉറപ്പാക്കാന്‍ മന്ത്രിതലത്തില്‍ ഇടപെടല്‍ നടത്താനും തീരുമാനമായിട്ടുണ്ട്.

കുടുംബത്തിന്റെ ഉപജീവനത്തിനായി അനീഷിന്റെ ഭാര്യയ്ക്ക് സ്ഥിരം ജോലി ലഭിക്കുന്നതുവരെ ആറളം ഫാമില്‍ താല്‍ക്കാലിക ജോലി നല്‍കും. നിലവില്‍ ഫാമിലെ സുരക്ഷാ വീഴ്ചകള്‍ പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് യോഗം നിര്‍ദ്ദേശിച്ചത്. നിര്‍മ്മാണത്തിലിരിക്കുന്ന ആനമതില്‍ മെയ് 31-നകം പൂര്‍ത്തിയാക്കാന്‍ കരാറുകാരന് കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇതിനായി കൂടുതല്‍ തൊഴിലാളികളെയും മേല്‍നോട്ടക്കാരെയും നിയമിക്കും.

ഫാമിലെ കാടുകള്‍ അടിയന്തരമായി വെട്ടിത്തെളിക്കാനും തകരാറിലായ സോളാര്‍ ഫെന്‍സിംഗുകള്‍ ഉടന്‍ അറ്റകുറ്റപ്പണി നടത്താനും തീരുമാനിച്ചു. ആനമതില്‍ പൂര്‍ത്തിയാകുന്നത് വരെ തൂക്കുവേലികള്‍ ഉള്‍പ്പെടെയുള്ള താല്‍ക്കാലിക പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കും. പട്രോളിംഗിനായി കൂടുതല്‍ ടീമുകളെ നിയോഗിക്കുന്നതിനൊപ്പം, ഫാമിലെ പ്രവര്‍ത്തനങ്ങള്‍ ആഴ്ചയിലൊരിക്കല്‍ വിലയിരുത്താന്‍ ഒരു സ്‌പെഷ്യല്‍ ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

ആദിവാസി നേതാക്കളായ സി.കെ. ജാനു, എം. ഗീതാനന്ദന്‍ തുടങ്ങിയവര്‍ യോഗത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി. ജനവാസ മേഖലയിലേക്ക് ആനകള്‍ ഇറങ്ങുന്നത് തടയാന്‍ റേഡിയോ കോളര്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. എല്ലാ നടപടികളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് കലക്ടര്‍ ഉറപ്പുനല്‍കി.

Tags:    

Similar News