സനലിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍; പ്രായം പരിഗണിച്ച് ശിക്ഷ ജീവപര്യന്തമാക്കി കോടതി: യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും
യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം
ചടയമംഗലം: ഇടയ്‌ക്കോട് യുവാവിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ. കൊല്ലം ചടയമംഗലം ഇടയ്‌ക്കോട് സ്വദേശി സനലിനെയാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ വര്‍ക്ക് ഷോപ്പ് ജോലിക്കാരനും ബന്ധുവുമായ കലേഷിനെയാണ് സനല്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. 2024 മാര്‍ച്ച് 13നാണ് സംഭവം.
കലേഷിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെ കരുതിക്കൂട്ടിയാണ് സനല്‍ കൊലപാതകം നടത്തിയത്. വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ കലേഷിനെ തേടി ബക്കറ്റില്‍ പെട്രോളുമായാണ് സംഭവ ദിവസം സനല്‍ വര്‍ക്ഷോപ്പില്‍ എത്തിയത്. എന്നാല്‍ ഈ സമയത്ത് കലേഷ് ഇവിടെയുണ്ടായിരുന്നില്ല. ബൈക്ക് നന്നാക്കാനുണ്ടെന്ന് പറഞ്ഞ് സൗഹൃദ ഭാവത്തില്‍ കലേഷിനെ ഫോണില്‍ വിളിച്ച് സനല്‍ കലേഷിനെ സ്ഥലത്തെത്തിച്ചു. കലേഷ് എത്തിയ ഉടന്‍ ബക്കറ്റില്‍ കരുതിയ പെട്രോള്‍ സനല്‍ യുവാവിന്റെ ദേഹത്തേക്ക് ഒഴിച്ചു. ഭയന്നു പോയ കലേഷ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതി പന്തം കത്തിച്ച് എറിഞ്ഞു.
തീ പടര്‍ന്ന് ദേഹമാസകലം പൊള്ളലേറ്റ കലേഷിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലിരിക്കെ കലേഷ് മരിച്ചു. പ്രതിയുടെ ഭാര്യയുമായി യുവാവിന് ബന്ധമുണ്ടെന്ന സംശയത്തിലായിരുന്നു കൊലപാതകം. പട്ടാപ്പകല്‍ നടന്ന ക്രൂര കൃത്യത്തിന് സനലിന് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിയുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ച് ശിക്ഷ ജീവപര്യന്തമായി നിജപ്പെടുത്തുകയായിരുന്നു.