മട്ടന്നൂരില്‍ ജനവാസമേഖലയില്‍ ഭീതി പരത്തി കാട്ടുപോത്ത്; പ്രദേശത്ത് നിരോധനാജ്ഞ; മയക്കുവെടിവെച്ച് പിടിക്കാനുള്ള ദൗത്യം തുടരുന്നു
കണ്ണൂര്‍: മട്ടന്നൂര്‍ മേഖലയില്‍ ജനവാസകേന്ദ്രത്തില്‍ ഭീതി പരത്തിയ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടിക്കാനുള്ള ദൗത്യം തുടരുന്നു. വ്യാഴാഴ്ച രാത്രി മുതലാണ് മട്ടന്നൂര്‍ കിളിയങ്ങാട്, മേറ്റടി മേഖലകളില്‍ കാട്ടുപോത്തിനെ ആദ്യം കണ്ടത്. കിളിയങ്ങാട്, മേറ്റടി റോഡിലൂടെ നീങ്ങിയ കാട്ടുപോത്ത് വെള്ളിയാംപറമ്പില്‍ കിന്‍ഫ്ര പാര്‍ക്കിനായി ഏറ്റെടുത്ത സ്ഥലത്ത് നിലയുറപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ മുതലാണ് കാട്ടുപോത്തിനെ പിടികൂടാനുള്ള ദൗത്യം പുനഃരാരംഭിച്ചത്. നിലവില്‍ കൂടാളി പഞ്ചായത്തിലെ ചിത്രാരിയിലെ കാടുപിടിച്ച സ്ഥലത്താണ് പോത്തുള്ളത്. കാട്ടുപോത്തിനെ പിടികൂടാനുള്ള ദൗത്യത്തിന്റെ ഭാഗമായി പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
വിവരമറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം തന്നെ വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയിരുന്നു. സമീപത്ത് വനപ്രദേശങ്ങളില്ലാത്തതിനാല്‍ പോത്തിനെ തുരത്താന്‍കഴിഞ്ഞില്ല. ഇതെത്തുടര്‍ന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതിയോടെ മയക്കുവെടിവെച്ച് പിടികൂടാന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് ഇതിനുള്ള അനുമതി ലഭിച്ചത്. തുടര്‍ന്ന് വെറ്ററിനറി ഡോക്ടര്‍ ഇല്യാസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ക്രെയിന്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങളും വാഹനവും ഒരുക്കിയെങ്കിലും നേരം വൈകിയതോടെ വെടിവെക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കിളിയങ്ങാട് നിരമ്മലിലെ സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് കാട്ടുപോത്ത് വെള്ളിയാഴ്ച രാവിലെ ഉണ്ടായിരുന്നത്. ഇതിനെ പിടിച്ചശേഷം ആറളം വന്യജീവി സങ്കേതത്തില്‍ വിടും.
ആറളം അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രമ്യ രാഘവന്‍, കൊട്ടിയൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി. നിതിന്‍ രാജ്, കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുധീര്‍ നരോത്ത്, സെക്ഷന്‍ ഓഫീസര്‍ സി.കെ. മഹേഷ് എന്നിവരുടെ നേതൃത്വത്തില്‍ വനം വകുപ്പിന്റെ ആര്‍ആര്‍ടി സംഘം സ്ഥലത്തുണ്ട്. എസ്‌ഐ സി.പി. ലിനേഷിന്റെ നേതൃത്വത്തില്‍ മട്ടന്നൂര്‍ പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.