മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എക്‌സലന്‍സ് അവാര്‍ഡ്: അമൃത വിശ്വവിദ്യാ പീഠത്തിനും അമൃത ആശുപത്രിയ്ക്കും സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌ക്കാരങ്ങള്‍

Update: 2025-09-30 06:11 GMT

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ പരിസ്ഥിതി സംരക്ഷണത്തിനുള്ള പുരസ്‌കാരം അമൃത വിശ്വവിദ്യാപീഠത്തിനും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എക്‌സലന്‍സ് അവാര്‍ഡ് അമൃത ആശുപത്രിയും കരസ്ഥമാക്കി. തുടര്‍ച്ചയായി ഏഴാം വര്‍ഷമാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ എക്‌സലന്‍സ് അവാര്‍ഡ് അമൃത ആശുപത്രി കരസ്ഥമാക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിലും, സുസ്ഥിരമായ പ്രവര്‍ത്തനങ്ങളിലും കാണിച്ച മാതൃകാപരമായ സംഭാവനകളെ മുന്‍ നിര്‍ത്തിയാണ് അവാര്‍ഡ്. പുരസ്‌കാരം അങ്കമാലി അഡ്ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന അന്തര്‍ദേശീയ പരിസ്ഥിതി സമ്മേളനത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് അമൃത ആശുപത്രിയിലെ പരിസ്ഥിതി സുരക്ഷാ ജനറല്‍ മാനേജര്‍ രാജേഷ് ആര്‍. ആര്‍ ഏറ്റുവാങ്ങി.

സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരിസ്ഥിതി സംരക്ഷണത്തിനുള്ള പുരസ്‌കാരം അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസ് കരസ്ഥമാക്കി. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന മികച്ച മറ്റു സ്ഥാപനങ്ങള്‍ എന്ന വിഭാഗത്തിലാണ് പുരസ്‌കാരം. ജല-വായു മലിനീകരണ നിയന്ത്രണ സംരംഭങ്ങള്‍, ഊര്‍ജ്ജ-ജല സംരക്ഷണ പരിപാടികള്‍, പരിസ്ഥിതിയുടെ സുസ്ഥിരതയ്ക്കും സാമൂഹിക പ്രതിബദ്ധതയ്ക്കും വേണ്ടിയുള്ള ശ്രദ്ധേയമായ പ്രോജക്റ്റുകള്‍ എന്നിവയിലെ നേട്ടങ്ങളും സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ക്യാമ്പസിനകത്തും പുറത്തുമായി നടത്തിയ മികച്ച പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുമാണ് സര്‍വ്വകലാശാലയെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസ് പുരസ്‌കാരത്തിന് അര്‍ഹരാകുന്നത്. അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തിന്റെ വേദിയില്‍ വച്ച് അമൃത സ്‌കൂള്‍ ഓഫ്എഞ്ചിനീയറിംഗ് അസോസിയേറ്റ് ഡീന്‍ ഡോ. എസ് എന്‍ ജ്യോതി, അമൃത സ്‌കൂള്‍ ഫോര്‍ ബയോടെക്‌നോളജി ഡീന്‍ ഡോ. ബിപിന്‍ ജി നായര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

Similar News