ജപ്പാന്‍ ജ്വരം വ്യാപിക്കുന്നു; ജെഎ കുത്തിവയ്പ്പ് കൂടുതല്‍ ജില്ലകളിലേക്ക്

ജപ്പാന്‍ ജ്വരം വ്യാപിക്കുന്നു

Update: 2025-10-03 02:05 GMT

എടപ്പാള്‍: തിരുവനന്തപുരത്തും ആലപ്പുഴയിലും മാത്രം കണ്ടിട്ടുള്ള ജപ്പാന്‍ജ്വരം (ജാപ്പനീസ് എന്‍സെഫലൈറ്റിസ്, ജെഇ) രോഗം സംസ്ഥാനത്ത് മറ്റു ജില്ലകളിലും വ്യാപിക്കുന്നു. രോഗം തടഞ്ഞുനിര്‍ത്താനും അടുത്ത തലമുറയെ മുക്തമാക്കാനുമുള്ള കുത്തിവെപ്പ് കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കും. അടുത്തഘട്ടമായി മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കുത്തിവെപ്പാരംഭിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചു.

കൊതുകുകടിയിലൂടെ പകരുന്ന രോഗമാണിത്. ഈ ജില്ലകളിലെ ഒന്നു മുതല്‍ 15 വയസ്സുവരെ പ്രായത്തിനിടയിലുള്ള കുട്ടികള്‍ക്കാണ് ഈ രോഗം ബാധിക്കുന്നതെന്നതിനാല്‍ ഈ വിഭാഗത്തെ ലക്ഷ്യമിട്ടാണ് ജെഇ ക്യാച്ച് അപ്പ് വാക്സിനേഷന്‍ കാംപെയ്ന്‍. ഒന്‍പത്-12 മാസത്തിലും 16-24 മാസത്തിലുമായി രണ്ട് ഡോസുകള്‍ നല്‍കുന്ന സ്ഥിരം കുത്തിവെപ്പ് പരിപാടിക്ക് മുന്നോടിയായുള്ള തയ്യാറെടുപ്പ് നടപടിയായാണ് ക്യാച്ച് അപ്പ് വാക്സിനേഷനാരംഭിക്കുന്നത്. ഇതിലൂടെ എടുക്കാത്തവര്‍ക്ക് നല്‍കാനും ഇനി വരുന്നവര്‍ക്ക് കൃത്യസമയത്ത് നല്‍കി പട്ടിക സമ്പൂര്‍ണമാക്കാനുമാകും.

ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ നിലവിലുള്ള പതിവ് രോഗ പ്രതിരോധ രീതിക്കനുസൃതമായി മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കുത്തിവെപ്പ് ഷെഡ്യൂളില്‍ ജെഇ വാക്സിനേഷനും ഉള്‍പ്പെടുത്തുവാനും സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡിഎംഒമാര്‍ക്ക് നിര്‍ദേശം നല്‍കി.

Tags:    

Similar News