ഗ്യാസ് ഏജന്‍സി ജീവനക്കാരനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു;ഒപ്പമുണ്ടായിരുന്ന ആളുടെ ഒന്നര പവന്റെ മാല മോഷ്ടിച്ചു: അച്ഛനും മകനും അറസ്റ്റില്‍

ഗ്യാസ് ഏജന്‍സി ജീവനക്കാരനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു

Update: 2025-10-03 00:27 GMT

കുമളി: പാചകവാതക വിതരണ ഏജന്‍സിയിലെ ജീവനക്കാര്‍ക്കു നേരെ ആക്രമണം. വണ്ടന്‍മേട് വാഴവീടിനു സമീപമാണ് ഗ്യാസ് ഏജന്‍സി ജീവനക്കാര്‍ക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ മേല്‍വാഴവീട് സ്വദേശികളായ പാല്‍പാണ്ടി, മകന്‍ അശോകന്‍ എന്നിവരെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. കരിഞ്ചന്തയില്‍ പാചകവാതകം വിതരണം ചെയ്യുന്ന സംഘമാണ് ആക്രമമം നടത്തിയതെന്നു പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകിട്ട് 5ന് ആണു സംഭവം.

കുമളി പത്തുമുറിയിലെ ഭാരത് ഗ്യാസ് ഏജന്‍സി ജീവനക്കാരാണ് ആക്രമണത്തിന് ഇരയായത്. മേല്‍വാഴവീട് ഭാഗത്തു സിലിണ്ടര്‍ വിതരണത്തിനെത്തിയ ജിസ്‌മോന്‍, പ്രതീക്ഷ എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. കരിഞ്ചന്തയില്‍ ഗ്യാസ് വിതരണം ചെയ്യുന്ന പാല്‍പാണ്ടിയുടെയും അശോകന്റെയും നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നും രണ്ട് അതിഥിത്തൊഴിലാളികളും ഒപ്പമുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.

ജിസ്‌മോനെ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് മരത്തില്‍ കെട്ടിയിട്ട ശേഷമാണു മര്‍ദിച്ചത്. പ്രതീക്ഷയെ മര്‍ദിച്ചെന്നും ഒന്നര പവന്റെ മാല വലിച്ചുപൊട്ടിച്ചെന്നും പരാതിയിലുണ്ട്. പ്രതികളുടെ വ്യാപാരസ്ഥാപനത്തില്‍നിന്നു പാചകവാതക സിലിണ്ടര്‍ അതിഥിത്തൊഴിലാളികള്‍ക്കു കൊടുക്കാറുണ്ടായിരുന്നെന്നും പിന്നീട് ഇവര്‍ ഏജന്‍സിയില്‍നിന്നു നേരിട്ട് സിലിണ്ടറുകള്‍ വാങ്ങിച്ചതില്‍ പ്രകോപിതരായാണു മര്‍ദനം നടത്തിയതെന്നും പൊലീസ് പറഞ്ഞു.

Tags:    

Similar News