രാമമംഗലത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവ എന്‍ജിനിയര്‍മാര്‍ ഒഴുക്കില്‍പ്പെട്ടു; ഒരാള്‍ മരിച്ചു; മറ്റേയാളെ കണ്ടുകിട്ടിയില്ല

രണ്ട് യുവ എൻജിനിയർമാർ ഒഴുക്കിൽപ്പെട്ടു; ഒരാള്‍ മരിച്ചു

Update: 2025-10-03 01:30 GMT

രാമമംഗലം: രാമമംഗലത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവ എന്‍ജിനിയര്‍മാരില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. മറ്റൊരാളെ കണ്ടുകിട്ടിയിട്ടില്ല. മൂവാറ്റുപുഴ ഇലാഹിയ എന്‍ജിനിയറിങ് കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ ചോറ്റാനിക്കര എരുവേലി ഞാറ്റുംകാലയില്‍ ആല്‍ബിന്‍ ഏലിയാസാണ് (21) മരിച്ചത്. ഒഴുക്കില്‍പ്പെട്ട വയനാട് സ്വദേശി അര്‍ജുനുവേണ്ടി തിരച്ചില്‍ തുടരുകയാണ്.

രാമമംഗലം ക്ഷേത്രം ആറാട്ടുകടവില്‍ കുളിക്കുന്നതിനിടെയാണ് ഇരുവരും ഒഴുക്കില്‍പ്പെട്ടത്. കൊച്ചി സ്വദേശിയായ മറ്റൊരു സുഹൃത്ത് ഉള്‍പ്പെടെ മൂന്നുപേരാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ രാമമംഗലത്തെത്തിയത്. രണ്ട് സുഹൃത്തുക്കള്‍ ഒഴുക്കില്‍പ്പെട്ട വിവരം മൂന്നാമനാണ് തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി അറിയിച്ചത്.

പോലീസും അഗ്‌നി രക്ഷാസേനയും സ്‌കൂബാ ടീമും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആല്‍ബിനെ കണ്ടുകിട്ടി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പിറവം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

എരുവേലി ഞാറ്റുംകാലായില്‍ ഏലിയാസിന്റെയും സോയയുടെയും മകനാണ് ആല്‍ബിന്‍. സഹോദരന്‍: അലന്‍. സംസ്‌കാരം പിന്നീട്.

Tags:    

Similar News