സ്വകാര്യ ബസ് ഡ്രൈവര്‍ ശരത്തിനെതിരെ ഇരയുടെ രഹസ്യ മൊഴി; ബേക്കലിലെ പോക്‌സോ പീഡനത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ പോലീസ്
കാഞ്ഞങ്ങാട്: ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയിലാണ് ഹൊസ്ദുര്‍ഗ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.
കേസിലെ പ്രതിയായ സ്വകാര്യബസ് ഡ്രൈവര്‍, പടന്നക്കാട് കരുവളത്തെ ശരത്തിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പും ശേഷവും ശരത് തന്നെ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. 2023 മെയ് മാസത്തില്‍, 17 വയസ്സായിരുന്ന പെണ്‍കുട്ടിയെ ശരത് കാറില്‍ കയറ്റി ബേക്കല്‍ സ്റ്റേഷന്‍ പരിധിയിലുള്ള ഒരു ലോഡ്ജിലേക്ക് കൊണ്ടുപോവുകയും ലഹരി കലര്‍ന്ന പാനീയം നല്‍കി പീഡിപ്പിക്കുകയും ചെയ്തു. അന്ന് ലോഡ്ജില്‍വെച്ച് എടുത്ത നഗ്‌നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി, 2025 ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ രണ്ട് ദിവസങ്ങളിലായി വീണ്ടും പീഡിപ്പിച്ചുവെന്നാണ് കേസ്.
പിന്നീട് ശരത് പെണ്‍കുട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചു. ഇതോടെ കടുത്ത മാനസിക സമ്മര്‍ദത്തിലായ പെണ്‍കുട്ടി ആത്മഹത്യാശ്രമം നടത്തി. ഇതേത്തുടര്‍ന്നാണ് പീഡനവിവരം വീട്ടുകാര്‍ അറിഞ്ഞത്. പെണ്‍കുട്ടി ആദ്യം ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയതെങ്കിലും, സംഭവം നടന്നത് ബേക്കല്‍ സ്റ്റേഷന്‍ പരിധിയിലായതിനാല്‍ പരാതി അങ്ങോട്ട് കൈമാറാന്‍ നിര്‍ദേശിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍, പോക്‌സോ, ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ബേക്കല്‍ പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.