അഴിച്ചുവെപ്പിച്ച എയര്‍ ഹോണുകള്‍ വീണ്ടും ഉപയോഗിക്കുന്നു; പ്രൈവറ്റ് ബസുകള്‍ക്കെതിരേ നടപടി; ആവര്‍ത്തിച്ചാല്‍ ഡ്രൈവറുടെ ലൈസന്‍സ് തെറിക്കും

Update: 2025-10-05 08:45 GMT

ഒറ്റപ്പാലം: സ്വകാര്യബസുകളില്‍ അനധികൃതമായി എയര്‍ഹോണ്‍ ഉപയോഗിച്ചതിന് 21 ബസുകള്‍ക്കെതിരേ നടപടി. ഇവരില്‍നിന്ന് ആകെ 42,000 രൂപ പിഴയീടാക്കാന്‍ ചലാനും വിതരണംചെയ്തു. മുന്‍പ് അഴിച്ചുവെച്ച എയര്‍ ഹോണുകള്‍ വീണ്ടും ഉപയോഗിക്കുന്നുവെന്നും പരാതിയുയര്‍ന്നിരുന്നു. 75 ബസുകള്‍ പരിശോധിച്ചു. ഒരു ബസില്‍നിന്ന് 2,000 രൂപ പിഴയീടാക്കാനാണ് ചലാന്‍ നല്‍കിയിട്ടുള്ളത്.

പാലക്കാട്-തൃശ്ശൂര്‍ പാതയില്‍ ശബ്ദമലിനീകരണമുണ്ടാക്കുന്ന രീതിയില്‍ എയര്‍ഹോണ്‍ ഉപയോഗിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട്ടും തൃശ്ശൂരിലും ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് മോട്ടോര്‍വാഹന വകുപ്പ് പരിശോധന നടത്തുകയായിരുന്നു.

പിഴ കൊടുക്കുന്നതിനൊപ്പം ഹോണ്‍ അഴിച്ചുവെക്കാനും നിര്‍ദേശം നല്‍കി. പരിശോധന തുടരാനാണ് വകുപ്പിന്റെ ഉദ്ദേശ്യം. ഇപ്പോള്‍ നടപടിയെടുത്ത ബസില്‍ വീണ്ടും എയര്‍ഹോണ്‍ ഉപയോഗിക്കുന്നത് കണ്ടെത്തിയാല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് പാലക്കാട് ആര്‍ടിഒ സി.യു. മുജീബ് പറഞ്ഞു.

തൃശ്ശൂര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി.വി. ബിജു, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ രാജേഷ് അരുണ്‍ പോള്‍, റിബിന്‍ രാജ്, ദിലീപ്, ഷൈമോന്‍ ചാക്കോ, കവിതന്‍, അനീഷ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വംനല്‍കി.

Similar News