ഫുൾ ലോഡുമായി എത്തിയ ലോറി; വളവിൽ ഇരച്ചെത്തിയതും നിയന്ത്രണം നഷ്ടപ്പെട്ട് അപകടം; ഡ്രൈവർക്കും കിളിക്കും പരിക്ക്; സംഭവം പാറശ്ശാലയിൽ
തിരുവനന്തപുരം: പാറശ്ശാലയ്ക്ക് സമീപം കാരാളി വളവിൽ പച്ചക്കറി കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി. പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം സംഭവിച്ചത്. ലോറി ഡ്രൈവർക്കും സഹായിക്കും നിസ്സാര പരിക്കേറ്റു.
തമിഴ്നാട്ടിലെ ധർമപുരിയിൽ നിന്ന് തിരുവനന്തപുരം ചാല മാർക്കറ്റിലേക്ക് പച്ചക്കറിയുമായി വരികയായിരുന്ന ലോറി, കാരാളി കൊടും വളവിൽ വെച്ച് എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് മറിയുകയായിരുന്നു. ധർമപുരി സ്വദേശികളായ ഡ്രൈവർ മോഹൻരാജ് (33), സഹായി സന്തോഷ് (42) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിൽ സമീപത്തുണ്ടായിരുന്ന മൂന്നോളം കടകളുടെ മുൻവശം പൂർണ്ണമായും തകർന്നു. അപകടസമയത്ത് റോഡിൽ ജനസഞ്ചാരമോ മറ്റ് വാഹനങ്ങളോ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായതായി നാട്ടുകാർ പറഞ്ഞു.