അയല്‍വാസിയുടെ കുഞ്ഞിന്റെ സ്വര്‍ണം കാണാതായി; കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ച് കൊന്നു; കായംകുളത്ത് ആള്‍ക്കൂട്ട കൊലപാതകം; കൊല്ലപ്പെട്ടത് കന്യാകുമാരി സ്വദേശി ഷിബു
കായംകുളം: ആലപ്പുഴ കായംകുളത്ത് ആള്‍ക്കൂട്ട കൊലപാതകം. കന്യാകുമാരി സ്വദേശി ഷിബു(49) ആണ് മരിച്ചത്. അയല്‍വാസിയുടെ കുഞ്ഞിന്റെ സ്വര്‍ണം കാണാതായതിനെ തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കായംകുളം സ്വദേശി വിഷ്ണുവിന്റെ രണ്ട് വയസുകാരിയായ മകളുടെ കൈയിലെ സ്വര്‍ണ ചെയിന്‍ മോഷ്ടിച്ചു എന്നാരോപിച്ചാണ് ഷിബുവിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചത്. കടയില്‍ പോയി മടങ്ങി വരവേ ഷിബുവിനെ തടഞ്ഞ് നിര്‍ത്തി ഏഴ് പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ കായംകുളത്തെ ആശുപത്രിയിലും തുടര്‍ന്ന വണ്ടാനം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
രതീഷ്, ശ്രീശാന്ത്, കനി, വിഷ്ണു, ചിഞ്ചു എന്നിങ്ങനെ കണ്ടാലറിയാവുന്ന ആറ് പേര്‍ക്കെതിരെയും ഒരു അജ്ഞാതനെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.