വായ്പ എഴുതിത്തള്ളലും ഇളവുകളും നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതല; കേന്ദ്ര സര്‍ക്കാരിന് വായ്പ എഴുതിത്തള്ളാനാവില്ല; റിസര്‍വ് ബാങ്കിന് മാത്രമേ ഇതിന് അധികാരമുള്ളൂവെന്ന് ബിജെപി അധ്യക്ഷന്‍
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ ഇടപെടേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും കേന്ദ്രമല്ലെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍. കേന്ദ്ര സര്‍ക്കാരിന് വായ്പ എഴുതിത്തള്ളാനാവില്ലെന്നും റിസര്‍വ് ബാങ്കിന് മാത്രമേ ഇതിന് അധികാരമുള്ളൂവെന്നും പറഞ്ഞു.
ബാങ്കുകളുടേത് ബോര്‍ഡുകളും ഓഹരി ഉടമകളുമെല്ലാമുള്ള സംവിധാനമാണ്. ഇക്കാര്യത്തിനായി ബാങ്കുകളെ നിര്‍ബന്ധിക്കാന്‍ കേന്ദ്രത്തിന് അധികാരമോ റോളോ ഇല്ല. വയനാട് ദുരന്തത്തില്‍ ആര്‍ക്കെങ്കിലും നഷ്ടങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അവര്‍ക്ക് സംസ്ഥാന സര്‍ക്കാരാണ് ആനുകൂല്യവും സബ്‌സിഡിയും നല്‍കേണ്ടത്. വായ്പ എഴുതിത്തള്ളലും ഇളവുകളും നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. ഇക്കാര്യത്തില്‍ ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാര്‍ ചെയ്തത് കേരളവും മാതൃകയാക്കണം.
നിയമത്തില്‍ വ്യവസ്ഥയില്ലെന്നും വായ്പ എഴുതിത്തള്ളല്‍ കേന്ദ്രത്തിന്റെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നും കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കാരുണ്യമല്ല തേടുന്നതെന്നും ചിറ്റമ്മ നയം വേണ്ടെന്നും കേന്ദ്രത്തോട് മുണ്ടക്കൈ- ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതിയുടെ പറഞ്ഞിരുന്നു.
തീരുമാനമെടുക്കേണ്ടത് അതത് ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡാണ്. ബാങ്കുകള്‍ സ്വതന്ത്ര സംവിധാനമാണെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ബാങ്കുകളുടെ ആഭ്യന്തര തീരുമാനങ്ങളില്‍ കേന്ദ്രം ഇടപെടരുതെന്നാണ് 2015ലെ തീരുമാനമെന്നും ദുരന്ത നിവാരണ ചട്ടം അനുസരിച്ചായാലും നിര്‍ദ്ദേശം നല്‍കാന്‍ വ്യവസ്ഥയില്ലെന്നും ഹൈക്കോടതിയെ കേന്ദ്രം അറിയിച്ചിരുന്നു.